വാവ സുരേഷ് ആശുപത്രി വിട്ടു; വീട്ടില്‍ വിശ്രമം
സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്ത് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
രണ്ടാം ജന്മമാണെന്നും മന്ത്രി വി എന്‍ വാസവന്‍ തനിക്ക് ദൈവത്തിന് തുല്യനാണെന്നും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. അവിടെ എത്തുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല, പിന്നെ നാലാം ദിവസമാണ് ഓര്‍മ്മ വരുന്നത്. ലോകത്ത് ഒരു മന്ത്രി ഒരു സാധാരണ മനുഷ്യന് പൈലറ്റ് പോകുന്നത് ആദ്യമായിരിക്കും. വാസവന്‍ സാര്‍ എനിക്ക് ദൈവത്തിന് തുല്യനാണ്', വാവ സുരേഷ് പറഞ്ഞു.
'2006ലാണ് ഞാന്‍ ആദ്യമായി കേരള വനം വകുപ്പിന് പാമ്പിനെ പിടിക്കാന്‍ പരിശീലനം കൊടുക്കുന്നത്. അന്നൊന്നും കേരളത്തില്‍ മറ്റു പാമ്പുപിടിത്തക്കാരെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോ എനിക്കെതിരെ ഒരു കാംപയിന്‍ നടത്തുകയാണ്.പാമ്പുപിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് വരെ പറയുന്നുണ്ട്.' ഇനി പാമ്പുപിടിക്കുമ്പോള്‍ ചിന്തിച്ച് മുന്നോട്ടുപോകുമെന്നും മരണം വരെയും പാമ്പ് പിടിക്കുമെന്നും വാവ സുരേഷ് പറഞ്ഞു.
ിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്റെ കടിയേറ്റതിനെ തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.