കൊവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസങ്ങള്‍ക്കു ശേഷം മാത്രം കരുതല്‍ ഡോസ്; ആശയക്കുഴപ്പം പരിഹരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്
രോഗ ബാധയേല്‍ക്കാത്തവര്‍ക്ക് വാക്‌സിന്‍ ഇടവേള രണ്ടു ഡോസുകള്‍ക്കിടയില്‍ മൂന്നുമാസവും കരുതല്‍ ഡോസിന് 9 മാസവും എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചവരുടെ കരുതല്‍ ഡോസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. രോഗമുക്തി നേടി മൂന്ന് മാസത്തിനു ശേഷം മാത്രമേ വാക്‌സിന്‍ എടുക്കാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടു ഡോസ് വാക്‌സിന്റെ കാര്യത്തിലുണ്ടായിരുന്ന സമാന നിര്‍ദേശമാണ് ഇത്.
കൊവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടി മൂന്നു മാസം കഴിഞ്ഞേ വാക്‌സിന്‍ എടുക്കാവൂ എന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു എങ്കിലും കരുതല്‍ വാക്‌സിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ ആശയക്കുഴപ്പം പരിഹരിച്ചു കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉടലെടുത്ത സാഹചര്യത്തില്‍ കൂടിയാണ് പുതിയ വിശദീകരണം.
ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗ ബാധയേല്‍ക്കാത്തവര്‍ക്ക് വാക്‌സിന്‍ ഇടവേള രണ്ടു ഡോസുകള്‍ക്കിടയില്‍ മൂന്നുമാസവും കരുതല്‍ ഡോസിന് 9 മാസവും എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. കോവിഡ് മുക്തരായവര്‍ ഒരുമാസത്തിനകം തന്നെ വാക്‌സീന്‍ എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.