ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം; കനത്ത പുകയില്‍ മുങ്ങി കൊച്ചി

Update: 2023-03-03 03:33 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന് പിന്നാലെയുണ്ടായ പുകയില്‍ മൂടി കൊച്ചി. നഗരത്തിലും പരിസരത്ത് പലയിടത്തും കനത്ത പുക പടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപ്പിടിത്തമുണ്ടായത്. തീ ഇനിയും പൂര്‍ണമായും അണച്ചിട്ടില്ല. തീ കെടുത്തിയപ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും എരിഞ്ഞുകത്തുന്നതുകൊണ്ടാണ് പുക പടരുന്നതെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിന്‍വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ രാത്രിയോടെ ആറ് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. മൂടല്‍മഞ്ഞിന്റെ സമാനത്തിലാണ് പുക നഗരത്തില്‍ കിലോമീറ്ററുകളോളം മൂടിയിരിക്കുന്നത്.

എന്നാല്‍, രാവിലെ എട്ടുമണിയോടെ പത്തോളം ജെസിബികളുമായെത്തി മാലിന്യകൂമ്പാരം മറിച്ചിട്ട് അടിയില്‍ വെള്ളമൊഴിച്ച് തീയണക്കുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും അന്തരീക്ഷത്തില്‍ പടരുന്നുണ്ട്. മുമ്പ് തീപ്പിടിത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് അണച്ചത്. ഇപ്പോള്‍ തീപ്പിടിത്തം എങ്ങനെയാണുണ്ടായതെന്ന് അന്വേഷിക്കുകയാണ്.

Tags:    

Similar News