ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വീണ്ടും മൗനം പാലിച്ച് 'അമ്മ'; റിപ്പോര്‍ട്ട് പഠിച്ച് വിശദമായ മറുപടി നല്‍കും

Update: 2024-08-22 05:36 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കാതെ മലയാള സിനിമാ താര സംഘടനയായ 'അമ്മ'. എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച ശേഷമേ വിശദമായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങള്‍.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.




Tags:    

Similar News