നെന്മിനി എസ്റ്റേറ്റില്‍ വീണ്ടും കളനാശിനി പ്രയോഗം; ആശങ്കയിലായി നാട്ടുകാര്‍
കീടനാശിനി പ്രയോഗത്തിലൂടെ ജലസ്രോതസ്സുകള്‍ വിഷലിപ്തമാകുന്നുണ്ട്. ഇത് പല മാരക രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പെരിന്തല്‍മണ്ണ: നെന്മിനി യംങ് ഇന്ത്യ എസ്റ്റേറ്റില്‍ വീണ്ടും കളനാശിനി പ്രയോഗം ആരംഭിച്ചതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയില്‍. റബറിന്റെ അടിക്കാടുകള്‍ നശിപ്പിക്കാനായി ഒരാഴ്ചയിലേറെയായി തുടരുന്ന കളനാശിനി പ്രയോഗം ഏതാനും ദിവസം മുമ്പാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എസ്റ്റേറ്റിന്റെ ബാലന്നൂര്‍ ,ഭദ്ര ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മരുന്ന് പ്രയോഗം. എസറ്റേറ്റിലെ മലമുകളില്‍ നിന്നും ഉത്ഭവിക്കുന്ന 20 ലേറെ ചോലകളാണ് ജനവാസ മേഖലകളിലൂടെ ഒഴുകുന്നത്. എസ്റ്റേറ്റിന്റെ താഴ്‌വാരത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ഈ ചോലകളെയാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. കീടനാശിനി പ്രയോഗത്തിലൂടെ ജലസ്രോതസ്സുകള്‍ വിഷലിപ്തമാകുന്നുണ്ട്. ഇത് പല മാരക രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
2017ല്‍ റൗണ്ട് അപ് ' എന്ന മാരക വിഷ ലായനി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്നു. അന്ന് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയും 2017 ജൂണ്‍ ആറിന് കീഴാറ്റൂര്‍ പഞ്ചായത്ത് എസ്റ്റേറ്റ് ഉള്‍പ്പെടുന്ന പഞ്ചായത്ത് പരിധിയില്‍ ഈ കീടനാശിനി നിരോധിക്കുകയും ചെയ്തു. ഇപ്പോള്‍ ലോക്ഡൗണിന്റെ മറവില്‍ വീണ്ടും കീടനാശിനി തളിക്കുകയാണ് എസ്‌റ്റേറ്റ് അധികൃതര്‍. ഇത് തുടര്‍ന്നാല്‍ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.