ഹൈടെക് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം 12ന്: തൃശൂർ ജില്ലയില്‍ വിന്യസിച്ചത് 32187 ഐ ടി ഉപകരണങ്ങൾ
തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്‍ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1347 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിൽ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റേയും അതുവഴി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റേയും പ്രഖ്യാപനം ഒക്ടോബര്‍ 12 തിങ്കളാഴ്ച 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവ്വഹിക്കും.
ജില്ലയില്‍ സര്‍ക്കാര്‍-എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 905ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 442ഉം ഉള്‍പ്പെടെ മൊത്തം 1347 സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി 10178 ലാപ്‍ടോപ്പ്, 5875 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8505 യുഎസ്ബി സ്പീക്കര്‍, 3669 മൗണ്ടിംഗ് ആക്സസറീസ്, 2228 സ്ക്രീന്‍, 406 ഡി എസ് എല്‍ ആര്‍ ക്യാമറ, 442 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 442എച്ച് ഡി വെബ്ക്യാം, 43 ഇഞ്ചിന്റെ 442 ടെലിവിഷന്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു. 1107 സ്കൂളുകളിൽ ഹൈസ്‍പീഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 50.56 കോടിയും പ്രാദേശിക തലത്തില്‍ 11.40 കോടിയും ഉള്‍പ്പെടെ 61.96 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ വിന്യസിച്ചത് എരുമപ്പെട്ടി ഗവ എച്ച് എസ്എസിലാണ്. 300 ഉപകരണങ്ങളാണ് ഇവിടേയ്ക്ക് കൈമാറിയത്. സെന്റ് ജോസഫ്‍സ് എച്ച്എസ് മതിലകം (244), എസ് എസ് എം വി എച്ച് എസ് എസ് എടക്കഴിയൂർ (223) എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. 171 ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളിലായി 9011അംഗങ്ങളാണുള്ളത്. 15425 അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി. സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍, സ്കൂള്‍, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്കൂള്‍സ് ലിങ്കില്‍ ലഭ്യമാണ്.