കുറുവ ദ്വീപില്‍ ഇക്കോ ടൂറിസം; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിലക്കി
വയനാട്: കുറുവ ദ്വീപില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിലക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹരജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കുറുവ ദ്വീപിലെ നിര്‍മാണത്തിന് അനുമതി വിലക്കിയത്. 2 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കുറുവ ദ്വീപില്‍ രണ്ട് കോടി രൂപയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയത് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.ഇത്തരമൊരു അനുമതി എങ്ങനെ നല്‍കി എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ നിര്‍മാണം നടത്തരുതെന്നാണ് നിര്‍ദേശം.
ഇടുക്കിയില്‍ ആനസവാരി കേന്ദ്രത്തില്‍ പാപ്പാന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി ഇടുക്കി കളക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. നഷ്ടപരിഹാരമായി എത്ര രൂപ നല്‍കി എന്നതും അറിയിക്കണം.സംസ്ഥാനത്താകെ അനധികൃതമായി 36 ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമെന്ന് കോടതി പറഞ്ഞു.
മൂന്നാറിലെ മാലിന്യ യാര്‍ഡിലേക്ക് കാട്ടാനകള്‍ കടക്കുന്നത് തടയാന്‍ അടിയന്തരമായി വേലി നിര്‍മിക്കണമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. എന്നാല്‍, ഫണ്ടില്ലെന്ന് പഞ്ചായത്ത് വിശദീകരിച്ചു. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.