ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കമ്പനി ഡയറക്ടര്‍ കെ ഡി പ്രതാപൻ ഇ ഡി കസ്റ്റഡിയിൽ

Update: 2024-07-17 11:03 GMT

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെഡി പ്രതാപൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കെ ഡി പ്രതാപനെ ഒരു ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ഇന്നും നാളെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും പ്രതാപന്‍റെ ഭാര്യ ശ്രീനയുടെയും ചോദ്യം ചെയ്യൽ ഇഡി പൂർത്തിയാക്കിയിരുന്നു. ഇവരിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതാപനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. നിലവിൽ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡിലാണ് പ്രതാപൻ. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കള്ളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.

ഹൈറിച്ചിന്‍റെ 245 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഹൈറിച്ച് മണി ചെയിൻ ഇടപാടിലൂടെ കൈവന്ന പണം കള്ളപ്പണ ഇടപാടുകൾക്ക് അടക്കം ഉപയോഗിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു.  

Tags:    

Similar News