'കുരിശിനും പൊട്ടിനും തലപ്പാവിനും നിരോധനമില്ലാത്തതെന്താണ്?; കര്‍ണാടക ഹൈക്കോടതിയില്‍ ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍
ബെംഗളൂരു; ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് നാലാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഹിജാബിനെ മാത്രം ഒറ്റപ്പെടുത്തുന്നതിന്റെ യുക്തി ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍.
ഹിജാബ് നിരോധനത്തിനെതിരേ കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനിയുടെ അഭിഭാഷകനായ രവി വര്‍മ കുമാറാണ് മതപരമായ നിരവധി ചിഹ്നങ്ങളെ ഒഴിവാക്കി ഹിജാബിനെ മാത്രം നിരോധിക്കുന്നതിലെ അനീതി ചൂണ്ടിക്കാട്ടിയത്.
ദുപ്പട്ട, തലപ്പാവ്, തിലകക്കുറി, പൊട്ട് തുടങ്ങി രാജ്യത്ത് നൂറുകണക്കിന് മതചിഹ്നങ്ങളുള്ളപ്പോള്‍ അതൊന്നും ഒഴിവാക്കാതെ ഹിജാബിനെമാത്രം ലക്ഷ്യമിട്ടതിലെ അയുക്തിയും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
''സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള മതചിഹ്നങ്ങളുടെ വൈവിധ്യമാണ് ഞാന്‍ എടുത്തുകാട്ടുന്നത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഹിജാബിനോട് മാത്രം ഈ വിദ്വേഷപരമായ വിവേചനം കാണിക്കുന്നത്? വളകള്‍ ധരിക്കുന്നുണ്ടല്ലോ പലരും? അവ മതചിഹ്നങ്ങളല്ലേ? എന്തിനാണ് ഈ പാവപ്പെട്ട മുസ് ലിം പെണ്‍കുട്ടികളെ മാത്രം തിരഞ്ഞുപിടിക്കുന്നത്''- അദ്ദേഹം ചോദിച്ചു.
''ഹരജിക്കാരിയെ ക്ലാസ് മുറിയില്‍ നിന്ന് പുറത്താക്കുന്നത് അവളുടെ മതത്തിന്റെ പേരില്‍ മാത്രമാണ്. ബിന്ദി ധരിച്ച പെണ്‍കുട്ടിയെ ക്ലാസിനു പുറത്താക്കുന്നില്ല. വള ധരിച്ച പെണ്‍കുട്ടിയ്ക്കും പ്രശ്‌നമില്ല. കുരിശ് ധരിച്ച ഒരു ക്രിസ്ത്യാനിയെ തൊടുന്നില്ല. എന്തുകൊണ്ടാണ് ഈ പെണ്‍കുട്ടികള്‍ മാത്രം? ഇത് ഭരണഘടനയുടെ അനുച്ഛേദം 15ന്റെ ലംഘനമാണ്''- അഡ്വ. രവി വര്‍മ കുമാര്‍ വാദിച്ചു.
''ഹിന്ദുക്കള്‍ മുഖം മറയ്ക്കുന്നതിന് വിലക്കില്ല. വളകള്‍ അനുവദനീയമാണ്. എന്തുകൊണ്ട് ഹിജാബ് മാത്രം? ക്രിസ്ത്യാനികളുടെ കുരിശിനും സിഖുകാരുടെ തലപ്പാവിനും എന്തുകൊണ്ട് നിരോധനമില്ല? '' -അദ്ദേഹം ചോദിച്ചു.
''മറ്റൊരു മതചിഹ്നവും പരിഗണിക്കുന്നില്ല... എന്തുകൊണ്ട് ഹിജാബ് മാത്രം? അത് അവരുടെ മതം കൊണ്ടല്ലേ? മുസ് ലിം പെണ്‍കുട്ടികളോടുള്ള വിവേചനം തികച്ചും മതത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്, ശത്രുതാപരമായ വിവേചനമാണ്. മതത്തെക്കുറിച്ചുള്ള മുന്‍വിധി നിറഞ്ഞ സമീപനമാണിത്. പ്രത്യേകിച്ച് അറിയിപ്പൊന്നുമില്ല, പെണ്‍കുട്ടികളെ ക്ലാസ് മുറികളില്‍ നിന്ന് അതിന് അധികാരമില്ലാത്തവര്‍ പുറത്താക്കുകയാണ്''- അദ്ദേഹം വാദിച്ചു.