വിജയപുര; കഴിഞ്ഞ ദിവസം വരെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചിരുന്ന കോളജില്‍ ഇന്ന് മുതല്‍ നിരോധനമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. വിജയപുര സര്‍ക്കാര്‍ പിയു കോളജിലാണ് വിദ്യാര്‍ത്ഥികള്‍ അധികൃതരെ ചോദ്യം ചെയ്ത് രംഗത്തുവന്നത്.
കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് ഹിജാബ് ധരിച്ച കുട്ടികളെ കോളജ് അധികൃതര്‍ തടഞ്ഞത്.
ഹിജാബ് ധരിക്കരുതെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് മുസ് ലിം പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കുകമാത്രമാണെന്നാണ് കോളജുകാരുടെ വാദം.
പുറത്തു വന്ന ദൃശ്യങ്ങളനുസരിച്ച് കോളജ് തുടങ്ങുന്ന സമയത്ത് ഒരുപാട് കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയിരുന്നു. അധികൃതര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ വഴങ്ങിയില്ല. പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരോട് തര്‍ക്കിച്ച് കുട്ടികള്‍ അകത്തുകയറി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍, ഹിജാബ്, കാവി ഷാള്‍ എന്നിവ അനുവദിക്കില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് പ്രിന്‍സിപ്പല്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പല കുട്ടികളും ഹിജാബും ബുര്‍ഖയും ഗേറ്റിനു വെളിയില്‍ വച്ച് ഊരിമാറ്റി.
അതേസമയം കര്‍ണാടകയിലെ പല സ്‌കൂളുകളിലും യൂനിഫോം നിലവില്ലാഞ്ഞിട്ടും അധ്യാപകര്‍ ഹിജാബ് അഴിച്ചുവയ്‌ക്കേണ്ടിവന്നത് വിവാദമായിരുന്നു. പല ഹിന്ദു വിദ്യാര്‍ത്ഥികളും പൊട്ട് പോലുള്ള മതപരമായ ചിഹ്നങ്ങളോടെയാണ് എത്തിയത്. കുരിശ് ധരിച്ചും കുട്ടികളെത്തിയിരുന്നു.