ഹിജാബ് നിരോധനം; പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്കെതിരേ എന്‍ഐഎ അന്വേഷണം വേണമെന്ന് ഉഡുപ്പി ബിജെപി എംഎല്‍എ

Update: 2022-02-13 12:02 GMT

ഉഡുപ്പി: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ നടന്ന പ്രതിഷേധപരിപാടികള്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിന്റെ സംഘാടകര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഉഡുപ്പി എംഎല്‍എ. ബിജെപി എംഎല്‍എ രഘുപതി ഭട്ടാണ് പുതിയ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. 

'ഇത് അന്താരാഷ്ട്ര ഗൂഢാലോചനയായതിനാലാണ് ഞാന്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. പാകിസ്താന്‍ ഒഴികെ ഒരു മുസ് ലിം രാജ്യവും ഞങ്ങള്‍ക്ക് എതിരല്ല. ഉഡുപ്പിയില്‍ ഹിജാബ് നിരോധിക്കാനാവില്ല. അത് അവരുടെ മതപരമായ അവകാശമാണ്, പക്ഷേ സ്‌കൂളുകളില്‍ യൂണിഫോം പാലിക്കണം'- വനിതാ ഗവണ്‍മെന്റ് പിയു കോളേജിലെ കോളേജ് വികസന സമിതിയുടെ പ്രസിഡന്റ് കൂടിയായ ഭട്ട് പറഞ്ഞു.

ഹിജാബ് നിരോധനത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഉഡുപ്പി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14-19 വരെയാണ് നിരോധനാജ്ഞ.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളേജില്‍ ഫെബ്രുവരി 4ന് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനെ കോളജ് അധികൃതര്‍ വിലക്കിയതിനെതിരേയാണ് പ്രതിഷേധം തുടങ്ങിയത്. അത് പിന്നീട് മുഴുവന്‍ കര്‍ണാടകയിലേക്കും വ്യാപിച്ചു.

Tags:    

Similar News