'ഹിജാബ് മൗലികാവകാശം, അടിയറവയ്ക്കില്ല'; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച് നടന്ന മാര്‍ച്ച് എസ്ഡിപിഐ ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഹിജാബ് മൗലികാവകാശം, അടിയറവെയ്ക്കില്ല-എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ഏജീസ് ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച് നടന്ന മാര്‍ച്ച് എസ്ഡിപിഐ ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന ഉദ്ഘാടനം ചെയ്തു. ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം സ്ത്രീയുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണ് കോടതി വിധി. ജനാധിപത്യ മതേതര രാജ്യത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്യത്തെ കൂടിയാണ് കോടതി സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. സംഘപരിവാറിന്റെ താല്‍പര്യത്തിനനുസരിച്ച് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ വിധി പുറപ്പെടുവിക്കുന്നത് മതേതര രാജ്യത്തിന് ഭൂഷണമല്ല. ഹിജാബ് ധരിക്കാന്‍ മതനിയമങ്ങള്‍ അനുശാസിക്കുന്നുണ്ടോ എന്നു നോക്കലല്ല ഭരണഘടനാസ്ഥാപനങ്ങളുടെ ഉത്തരവാദിത്തം. മറിച്ച് രാജ്യത്തിന്റെ ഭരണഘടന എന്തുപറയുന്നു എന്നാണ് കോടതി നോക്കേണ്ടതെന്നും ജലീല്‍ കരമന പറഞ്ഞു.
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹസീന സിദീഖ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മാജിത നിസാം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സബീന ലുഖ്മാന്‍, ജില്ലാ കമ്മിറ്റിയംഗം റുബീന മഹ്ഷൂഖ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റജീന നയാസ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേമം മണ്ഡലം പ്രസിഡന്റ് ഷീജ സലിം, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് താജ്മ സിദീഖ്, തിരുവനന്തപുരം മണ്ഡലം കോര്‍ഡിനേറ്റര്‍ സുമയ്യ സുജ എന്നിവര്‍ സംബന്ധിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഏജീസ് ഓഫിസിന് മുന്‍പില്‍ അവസാനിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.