നിര്‍ബന്ധിത 'കൂട്ടമതപരിവര്‍ത്തന'ത്തിനെതിരേ ബില്ലുമായി ഹിമാചല്‍പ്രദേശും

Update: 2022-08-13 14:02 GMT

സിംല: ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഹിമാചല്‍പ്രദേശും നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനത്തിനെതിരേ നിയമം പാസ്സാക്കി. 2019ലെ നിയമത്തില്‍നിന്ന് വ്യത്യസ്തമായി കൂടിയ ശിക്ഷ പത്ത് വര്‍ഷമായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് നടപടി.

ഹിമാചല്‍പ്രദേശ് മതസ്വാതന്ത്ര്യ(ഭേദഗതി)ബില്ല് 2022 എതിരില്ലാതെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

പുതിയ ബില്ലില്‍ കൂട്ടമതപരിവര്‍ത്തനമെന്ന വാക്കിനെ രണ്ടോ അതിലധികമോ പേരെ ഒറ്റയടിക്ക് മതംമാറ്റുകയെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. അതിന് ബില്ലില്‍ 10 വര്‍ഷം തടവാണ് ശിക്ഷ.

വെള്ളിയാഴ്ചയാണ് ബില്ല് പാസ്സാക്കിയത്. ഹിമാചല്‍പ്രദേശ് മതസ്വാതന്ത്ര്യ നിയമം 2019 മുതല്‍ സംസ്ഥാനത്തുണ്ട്.

2006 ലെ നിയമം പുതുക്കിയാണ് 2019ല്‍ നിയമം കൊണ്ടുവന്നത്. 2019ലെ നിയമം സംസ്ഥാന നിയമസഭയില്‍ പാസാക്കി 15 മാസങ്ങള്‍ക്ക് ശേഷം 2020 ഡിസംബര്‍ 21ന് വിജ്ഞാപനം ചെയ്തു. 2019 ലെ നിയമത്തില്‍ കൂട്ട മതപരിവര്‍ത്തനം തടയാന്‍ വ്യവസ്ഥയില്ലാത്തതിനാലാണ് പുതിയ ബില്ലിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ശക്തമായി പിന്തുണക്കുന്നവരാണ് ബിജെപിയും സഖ്യകക്ഷികളും.

Tags:    

Similar News