2028ല്‍ രാജ്യത്ത് ഹിന്ദു-മുസ്‌ലിം ജനസംഖ്യ തുല്യമാകും; വര്‍ഗ്ഗീയ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് വര്‍ഗ്ഗീയ പ്രസ്താവന നടത്തിയത്.

Update: 2021-09-23 09:38 GMT

ന്യൂഡല്‍ഹി: ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്്. ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്‌ലിംകളുടെ പ്രത്യുത്പാദന നിരക്ക് കൂടുകയും ആണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജനസംഖ്യ തുല്യമാകുമെന്നും ദിഗ് വിജയ് സിങ് ഭോപ്പാലില്‍ പറഞ്ഞു.


1951ലെ പഠന റിപോര്‍ട്ട് ഉദ്ധരിച്ചാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന ദിഗ് വിജയ് സിങിന്റെ വിവാദ പരാമര്‍ശം. നിലവില്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് 2.3%വും മുസ്‌ലിംകളുടെ പ്രത്യുല്‍പാദന നിരക്ക് 2.7% ആണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജനസംഖ്യ തുല്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ജനസംഖ്യയെ കുറിച്ചും ഈ മാസം ആദ്യത്തിലും ദിഗ് വിജയ് സിങ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.


ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് വര്‍ഗ്ഗീയ പ്രസ്താവന നടത്തിയത്. നേരത്തെ ബാബരി മസ്ജിദ് തകര്‍ത്ത് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ദിഗ് വിജയ് സിങ് പിന്തുണ അറിയിക്കുകയും 1.11 ലക്ഷം രൂപ സംഭാവന നല്‍കകയും ചെയ്തിരുന്നു.




Tags:    

Similar News