ത്രിപുരയിലെ ഹിന്ദുത്വ അക്രമം: വെള്ളിയാഴ്ച എസ്ഡിപിഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ത്രിപുരയിലെ സംഘപരിവാര ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച (ഒക്ടോബര്‍ 29) പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍.
കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ഹിന്ദുത്വ അക്രമത്തെ തടയാന്‍ ത്രിപുര സര്‍ക്കാരിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണ്. മുസ് ലിം പള്ളികളും കടകളും സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കുകയും പലതും അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്. അഗര്‍ത്തല, കൈലാഷഹര്‍, ഉദയ്പൂര്‍, കൃഷ്ണ നഗര്‍, ധര്‍മനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്. പോലിസ് നിരോധനാജ്ഞ നിലനില്‍ക്കെയാണ് അതിക്രമങ്ങള്‍ വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്. സിസിടിവി കാമറകള്‍ വരെ തകര്‍ത്താണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. ആക്രമണം വ്യാപകമായതോടെ നിരവധി മുസ് ലിം കുടുംബങ്ങളാണ് പ്രാണഭയം കൊണ്ട് വീട് വിട്ട് ഓടിപ്പോയിരിക്കുന്നത്. 2002ലെ ഗുജറാത്ത് മുസ് ലിം വംശഹത്യക്കു സമാനമായ അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. അത്യന്തം ഹീനവും ഏകപക്ഷീയവുമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ മതേതര രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന മൗനം അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്.
കഴിഞ്ഞയാഴ്ച ദുര്‍ഗാപൂജ ഉത്സവത്തിനിടെ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായാണ് ത്രിപുരയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ അക്രമം ആരംഭിച്ചത്. അതേസമയം, ബംഗ്ലാദേശിലെ അതിക്രത്തില്‍ കുറ്റവാളികള്‍ക്കെതിരേ കേസെടുക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഒരു ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന് ചുവട്ടില്‍ വിശുദ്ധ ഖുറാന് വെച്ചതിന് എതിരേയുള്ള മതനിന്ദയുടെ പ്രതികരണമായാണ് ബംഗ്ലാദേശില്‍ അക്രമം നടന്നതെന്നാണ് റിപോര്‍ട്ട്. ദുര്‍ഗാ പൂജ അക്രമത്തിന് ശേഷം ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കുകയും നിരവധി അക്രമകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലാവട്ടെ ഭരണകൂടം അക്രമികള്‍ക്ക് തണലൊരുക്കുകയാണെന്നും അജ്മല്‍ ഇസ്മായീല്‍ കുറ്റപ്പെടുത്തി.
സംഘപരിവാര അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ മതേതരപാര്‍ട്ടികള്‍ മൗനം വെടിയണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു.