സ്‌കൂള്‍ കുട്ടികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരേ ആഭ്യന്തരവകുപ്പ് കര്‍ശന നടപടിയെടുക്കണം:വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
കോഴിക്കോട്:സഹപാഠിയായ ആണ്‍കുട്ടി സൗഹൃദം സ്ഥാപിച്ച് മയക്കുമരുന്നിനടിമയാക്കി നിരന്തര ലൈംഗിക പീഡനം നടത്തിയെന്ന കണ്ണൂരിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരേ ആഭ്യന്തരവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്.ലഹരി മാഫിയയുടെ ഭീഷണിയുള്ളതിനാല്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലിസ് സുരക്ഷ ഉറപ്പ് വരുത്തണമെന്നും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പറഞ്ഞു.
കണ്ണൂരിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.നിരവധി പെണ്‍കുട്ടികള്‍ ലഹരി മാഫിയയുടെ വലയില്‍ വീണിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.പെണ്‍കുട്ടിക്കും കുടുംബത്തിനും ലഹരി മാഫിയയുടെ ഭീഷണി ഉണ്ടെന്നാണ് മനസ്സിലാകുന്നത്.അവരുടെ സുരക്ഷ പോലിസ് ഉറപ്പ് വരുത്തണം.ഈ കേസിലെ ആണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കിയാല്‍ ലഹരി മാഫിയയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് വ്യക്തമാക്കി.
അഭ്യന്തര വകുപ്പ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ രാഷ്ട്രീയ സ്വാധീനം നോക്കാതെ പിടികൂടി ശിക്ഷിക്കണം.നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും അധികൃതരുടെ നിസ്സംഗമായ സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.സ്‌കൂളും പരിസരവും ലഹരി മാഫിയയുടെ സ്വാധീനമില്ല എന്ന് ഉറപ്പ് വരുത്താന്‍ സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കണമെന്നും,തലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പറഞ്ഞു.