ബിജെപി വനിതാനേതാവ് തടവിലിട്ട ആദിവാസി യുവതിയുടെ മോചനം സാധ്യമായതെങ്ങനെ?

Update: 2022-09-01 03:06 GMT

റാഞ്ചിയില്‍ വീട്ടുജോലിക്കാരിയായ ആദിവാസി യുവതി സുനിതയെ ബിജെപിയുടെ വനിതാനേതാവും ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ സീമാ പത്ര വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം പുറത്തുകൊണ്ടുവന്ന് അവരുടെ രക്ഷകരായി മാറിയത് രണ്ട് പേരാണ്. ഒന്ന് സീമാ പത്രയുടെ മകന്‍ ആയുഷ്മാന്‍ പത്രയും അദ്ദേഹത്തിന്റെ സുഹൃത്ത് വിവേക് ആനന്ദ് ബാസ്‌കിയും. വിവേക് ബാസ്‌കി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. 

ജാര്‍ഖണ്ഡില്‍ നിന്നുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വരിന്റെ ഭാര്യയാണ് സീമ പത്ര. 

തന്റെ വീട്ടിനുള്ളില്‍ ആദിവാസി യുവതി അനുഭവിക്കുന്ന പീഡനത്തില്‍ അസ്വസ്ഥനായ ആയുഷ്മാന്‍ തന്റെ സുഹൃത്തായ വിവേക് ആനന്ദ് ബാസ്‌കിയെ ഫോണില്‍ വിളിച്ചു. ആഗസ്റ്റ് 2ാം തിയ്യതിയായിരുന്നു അദ്ദേഹത്തിന് ആയുഷ്മാന്റെ ഫോണ്‍ വരുന്നത്. തന്റെ കുടുംബത്തില്‍ ഒരു ആദിവാസി യുവതി പീഡനമനുഭവിക്കുന്നുണ്ടെന്നായിരുന്നു കൈമാറിയ വിവരം. അവരെ ഉടന്‍ മോചിപ്പിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര്‍ധരാത്രി 1.15നാണ് ഫോണ്‍കോള്‍ ലഭിക്കുന്നത്. സീമാ പത്ര

സീമാ പത്ര

ആയുഷ്മാനും വിവേക് ബാസ്‌കിയും റാഞ്ചിയിലെ എഞ്ചിനീയറിങ് കോളജില്‍ ഒന്നിച്ച് പഠിച്ചവരാണ്.

അദ്ദേഹത്തിന്റെ ശബ്ദം വിറയ്ക്കുന്നതായി ബാസ്‌കിക്ക് തോന്നി. ബാസ്‌കി എന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ട്. സീമ പത്ര അവളെ മര്‍ദ്ദിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സുനിത

ആയുഷ്മാന്റെ ഫോണ്‍ കട്ടായ ഉടന്‍ സീമ പത്രയുടെ ഫോണ്‍വന്നു. തന്റെ മകന്‍ അസ്വസ്ഥനാണെന്നും മാനസികമായ ചില പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ അറിയിച്ചു. എന്തെങ്കിലും ചെയ്‌തേ പറ്റുവെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

താമസിയാതെ ബാസ്‌കി സീമയുടെ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് കയറ്റിയില്ല. സംസാരിക്കാനും തയ്യാറായില്ല.

ആയുഷ്മാന്‍ അദ്ദേഹത്തിന്റെ ഫോണില്‍നിന്ന് സുഹൃത്തിന് സുനിതയുടെ ചില ചിത്രങ്ങള്‍ അയച്ചിരുന്നു. അതുകണ്ടതോടെ ബാസ്‌കി ഞെട്ടിപ്പോയി. വലിയ രാഷ്ട്രീയനേതാവായ സീമക്കെതിരേ നീങ്ങുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ചും ബാസ്‌കിക്ക് അറിയാമായിരുന്നു.



അദ്ദേഹം ഈ വിവരങ്ങള്‍ തന്റെ ഭാര്യയുമായി പങ്കുവച്ചു. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ആയുഷ്മാര്‍ നിസ്സഹായനാണെന്ന് അറിയാം. അങ്ങനെയാണ് മുന്നോട്ട് പോകാന്‍ ബാസ്‌കി തീരുമാനിച്ചത്.

രക്ഷപ്പെടുത്താന്‍ രണ്ട് ശ്രമങ്ങള്‍ നടത്തി. രണ്ടാമത്തെ ശ്രമം വിജയിച്ചു. റാഞ്ചിയിലെ അശോക്‌നഗറിലെ സീമയുടെ വീട്ടില്‍ നിന്ന് ആഗസ്റ്റ് 22നാണ് റാഞ്ചി പോലിസ് സുനിതയെ മോചിപ്പിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹ വഴിയാണ് മോചനം സാധ്യമായത്. അതിനിടയില്‍ സീമ തന്റെ വീട്ടുവേലക്കാരിയോട് കാണിക്കുന്ന ക്രൂരത വെളിവാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബിജെപിയില്‍നിന്ന് അവരെ പുറത്താക്കിയിട്ടുമുണ്ട്.

സുനിതയെ തന്റെ മകന്‍ സഹായിക്കുമെന്ന് ഉറപ്പായതോടെ അറസ്റ്റിനു മുമ്പുതന്നെ സീമ തന്റെ സ്വാധീനമുപയോഗിച്ച് മകനെ റാഞ്ചിയിലെ ന്യൂറോ സൈക്യാട്രി അലൈഡ് സയന്‍സസിലേക്ക് മാറ്റിയിരുന്നു. മാനസികപ്രശ്‌നമുള്ളതുകൊണ്ടാണ് മകനെ ആശുപത്രിയിലാക്കിയതെന്നാണ് മാധ്യമങ്ങളോടും പറഞ്ഞത്. കുറ്റകൃത്യം മറക്കാനല്ലേ അതെന്ന ചോദ്യത്തിന് കാത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ കരുവാക്കപ്പെടുകയാണെന്നും പ്രശ്‌നം രാഷ്ട്രീയമാണെന്നും അവര്‍ അവകാശപ്പെട്ടു. ഈ ആരോപണങ്ങള്‍ ബാസ്‌കി നിഷേധിച്ചു. സുനിതക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സീമ വിശദീകരണം നല്‍കിയില്ല.



നിലവില്‍ സുനിത റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ്. സീമയുടെ മകന്‍ ഇല്ലായിരുന്നുവെങ്കില്‍. താന്‍ ജീവനോടെയുണ്ടാവില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കുറ്റം മറച്ചുവയ്ക്കാനാണ് സീമ പത്ര മകനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയതെന്ന് ബാസ്‌കിയും പറയുന്നു. ഒരു ഉത്തരവാദപ്പെട്ട പൗരനെന്ന നിലയിലാണ് താന്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീമയുടെ കസ്റ്റഡിയില്‍ സുനിത നേരിട്ട പീഡനങ്ങള്‍ ചെറുതായിരുന്നില്ല. അവരെ പീട്ടിയിടുകമാത്രമല്ല, മര്‍ദ്ദിക്കുകയും മൂത്രംകുടിപ്പിക്കുകയും ചെയ്തിരുന്നു. ചൂടുപാത്രംകൊണ്ട് പൊള്ളിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സുനിതയുടെ പല്ലുകള്‍ തകര്‍ന്നു. ഭക്ഷണവും വെള്ളവും നല്‍കിയില്ല. രക്ഷപ്പെടുത്തുമ്പോള്‍ അവര്‍ക്ക് തനിയെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.


ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സുനിത ഗുംലയിലെ ഗ്രാമവാസിയാണ്. 10 വര്‍ഷം മുമ്പാണ് വിരമിച്ച മഹേശ്വര് പത്രയുടെയും ബിജെപി നേതാവ് സീമ പത്രയുടെയും വീട്ടില്‍ വേലക്കാരിയായി എത്തിയത്. പിന്നീട് മകള്‍ വത്സല പത്രയോടൊപ്പം ഡല്‍ഹിയിലേക്ക് അയച്ചു. പിന്നീട് റാഞ്ചിയില്‍ തിരിച്ചെത്തി. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ നിരന്തരം പീഡനത്തിന് ഇരയായിരുന്നു. വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചതോടെയാണ് പൂട്ടിയിട്ടത്. നിരവധി തവണ ചൂടുള്ള ചട്ടികൊണ്ടുള്ള പൊള്ളലേറ്റിട്ടുണ്ട്. മുറിയില്‍ പൂട്ടിയിട്ടതിനാല്‍ പലപ്പോഴും അവിടെ തന്നെ മൂത്രം പോകുന്ന അവസ്ഥയുണ്ടായി. അബദ്ധത്തില്‍ മൂത്രം പോയാല്‍ നക്കി കുടിപ്പിക്കാറുണ്ടെന്നും സുനിത പറഞ്ഞു.

Similar News