ന്യൂഡല്‍ഹി: വിമത നിയന്ത്രണത്തിലുള്ള ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്‍ ഉക്രെയ്‌നിലേക്ക് നീങ്ങിത്തുടങ്ങിയതായാണ് അവസനാ റിപോര്‍ട്ട്. റഷ്യന്‍ സേന ഉക്രെയ്‌നില്‍ പ്രവേശിച്ചുവെന്നാണ് ബ്രിട്ടന്‍ പറയുന്നത്. ഇത് യൂറോപ്യന്‍ യൂനിയനും റഷ്യയും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. റഷ്യക്കെതിരേ ഉപരോധമേര്‍പ്പെടുത്തുമെന്നാണ് യൂറോപ്യന്‍ യൂനിയന്റെ ഭീഷണി.
പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്നും ശ്രമം തുടങ്ങിയിട്ടുണ്ട്. ഉക്രെയ്‌നും ഒരുങ്ങിത്തന്നെയാണ്. തങ്ങള്‍ക്ക് ഭയമില്ലെന്നും പാശ്ചത്യ രാജ്യങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നുമാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി പറയുന്നത്.
റഷ്യന്‍ നിലപാട് പുറത്തുവന്നതോടെ അത് ആഗോള വിപണിയെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആഗോളവിപണിയെ അസ്ഥിരപ്പെടുത്തുകയായിരിക്കും സംഘര്‍ഷത്തിന്റെ ആദ്യ ഫലം.
ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രെഫഷണല്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയും ഉക്രെയ്‌നില്‍നിന്നുള്ള വിമാനം രാജ്യത്തെത്തിയിരുന്നു. നിര്‍ബന്ധമായി ഒഴിപ്പിക്കേണ്ട കാര്യമില്ലെന്നാണ് വിദേശകാര്യ സഹമന്ത്രി പറയുന്നത്. എങ്കിലും പ്രതിസന്ധി എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം.
ഇതൊക്കെ പുറത്തുനിന്നുള്ള പ്രശ്‌നങ്ങളാണെങ്കില്‍ ഇന്ത്യന്‍ ജനതയുടെ ജീവിതംതന്നെ താറുമാറാക്കാന്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കാരണമായേക്കുമെന്ന വിവരവും വിദഗ്ധര്‍ പുറത്തുവിടുന്നുണ്ട്. സാധാരണക്കാരന്റെ അവസാന ആശ്രയങ്ങളിലാണ് ഇത് കൈവയ്ക്കുക. എന്നത്തേയുമെന്നപോലെ എണ്ണയില്‍ നിന്നാണ് ഇത്തവണയും അത് തുടങ്ങുക.
നിലവില്‍ ആഗോള എണ്ണ വില 2014 കാലത്തോളം ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയെയും വിതരണത്തെയും ഇത് ബാധിച്ചേക്കും. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. ആകെയുളള എണ്ണ കയറ്റുമതിയുടെ 11 ശതമാനവും റഷ്യയുടെ പങ്കാണ്.
ഇന്ത്യന്‍ ഇറക്കുമതിയുടെ 25 ശതമാനവും എണ്ണയാണ്. ഇപ്പോള്‍ ആഗോള വിപണിയില്‍ഒരു ബാരലിന് 100 ഡോളറാണ് വില. ചൊവ്വാഴ്ച അത് 98 ഡോളറായിരുന്നു. ഈ മാറ്റം ഇന്ത്യയിലെ ഡീസല്‍, പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാക്കും. വില ഇനിയും കൂടുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം കേന്ദ്രവും സംസ്ഥാനങ്ങളും നികുതി കുറച്ചതും അടിസ്ഥാന വിലയില്‍ നേരത്തെത്തന്നെയിട്ട അധികലാഭവുമൊക്കെയാണ് ഇപ്പോള്‍ എണ്ണ വിലയെ വര്‍ധിക്കാതെ പിടിച്ചുനിര്‍ത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ട് മാര്‍ച്ച് ആദ്യ വാരം വരെ വിലവര്‍ധിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. അതുകഴിഞ്ഞാല്‍ പിന്നെ ഒരു നിയന്ത്രണവുമുണ്ടാവില്ല. ഇന്ധന വിലയില്‍ അതിന്റെ പ്രതിഫലനും ഉണ്ടാവും.
ഗോതമ്പ് ധാരാളം ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി രാജ്യമാണ് റഷ്യ. ഉക്രെയ്‌നും മോശമല്ല, നാലാമത്തെ കയറ്റുമതി രാജ്യമാണ്. റഷ്യയും ഉക്രെയ്‌നും സംഘര്‍ഷത്തിലേര്‍പ്പെട്ടാല്‍ ഗോതമ്പ് വില വര്‍ധിക്കാനിടയുണ്ട്. ഇപ്പോള്‍ത്തന്നെ ഗോതമ്പ് വില കൊവിഡ് സാഹചര്യത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത് ഇന്ത്യന്‍ ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാന്‍ ഇടയുണ്ട്.
എണ്ണ വില വര്‍ധന മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയെ ബാധിക്കും. ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ട് ഉല്‍പ്പന്നങ്ങളാണ് ഇവ.
പലേഡിയം പോലുള്ള ലോഹങ്ങളുടെ കാര്യത്തില്‍ റഷ്യ ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാണ്. മൊബൈല്‍ ഫോണില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലോഹമാണ് പലേഡിയം. സംഘര്‍ഷം പലേഡിയത്തിന്റെ വരവിനെ ബാധിക്കും.