വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദം; ഭൂചലനമെന്ന് സംശയം; ഒഴിയാന്‍ നിര്‍ദ്ദേശം

Update: 2024-08-09 07:37 GMT

കല്‍പ്പറ്റ: വയനാട്ടില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനമുണ്ടായതായി പ്രദേശവാസികള്‍. എന്നാല്‍ ഇതുസംബന്ധച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. സ്വകാര്യ ഭൂചലന നിരീക്ഷകരും ഇത്തരമൊരു വിവരം ലഭിച്ചതായി അറിയിച്ചിട്ടില്ല. രാവിലെ 10 മണിക്കു ശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ് വാരങ്ങളില്‍ വിറയല്‍ അനുഭവപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാവിഭാഗം ഇത് സ്ഥിരീകരിച്ചു. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പിണങ്ങോട്, കുറിച്യര്‍മല അംബ എന്നിവിടങ്ങളിലും വിറയില്‍ അനുഭവപ്പെട്ടതായി വിവരം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്.

നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കവും, നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗരി എന്ന പ്രദേശത്തും അച്ചൂരാന്‍ വില്ലേജ് ഉള്‍പ്പെടുന്ന സേട്ടു കുന്ന് എന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രണ്ടു വില്ലേജിലെയും വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലം സന്ദര്‍ശിച്ച് കൃത്യമായ വിവരം നല്‍കാന്‍ അറിയിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി വില്ലേജില്‍ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ എന്നീ സ്ഥലങ്ങളില്‍ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്.


Tags:    

Similar News