അഴിയൂരില്‍ രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുത്തു

Update: 2020-06-23 16:43 GMT

വടകര: അഴിയൂരില്‍ ഇന്നലെ രണ്ടു പേര്‍ ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചക്കകം അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനും കമ്മീഷന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അധികൃതരുടെ കുറ്റകരമായ വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരം അപകടം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് നാട്ടുകാര്‍ അഴിയൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയില്ല. അഴിയൂര്‍ ചുങ്കം ബീച്ചില്‍ കീരിത്തോടിനു സമീപത്താണ് അയവാസികളായ വിദ്യാര്‍ഥിയും യുവാവും ഷോക്കേറ്റു മരിച്ചത്.

അതിനിടെ, സംഭവത്തില്‍ ഇലട്രിക്കല്‍ ഇന്‍സ്‌പെക്ടേറ്റും വൈദ്യുത ബോര്‍ഡും അന്വേഷണം തുടങ്ങി. വിവിധ സംഘടനകള്‍ വൈദ്യുത വകുപ്പിന്റെ കുറ്റകരമായ അനാസ്ഥക്കെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്.

മരണം നടന്ന വീടുകള്‍ കെ മുരളി എംപി സന്ദര്‍ശിച്ചു. ഷോക്കേറ്റ് മരിച്ച മരുന്നറക്കല്‍ സഹലിന്റെയും നെല്ലോളി ഇര്‍ഫാന്റയും കുടുംബത്തിന് നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി അനുവദിക്കണമെന്ന് ജനകീയ മുന്നണി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയോഗംആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. 

Tags:    

Similar News