മനുഷ്യകടത്ത്: ആരോപണ വിധേയനായ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗത്തെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു

Update: 2020-06-08 00:36 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യകടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ മുതലായ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ ബംഗ്ലാദേശ് പാര്‍ലമന്റ് അംഗത്തെ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ലക്ഷ്മിപൂര്‍ 2 മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമന്റ് അംഗവും കുവൈത്തിലെ പ്രമുഖ ശുചീകരണ കരാര്‍ കമ്പനിയുടെ ഉടമയുമായ മുഹമ്മദ് ഷാഹിദ് അല്‍ ഇസ്‌ലാം ആണ് ഇന്നലെ മുഷറിഫിലെ വീട്ടില്‍ വെച്ച് അറസ്റ്റിലായിരിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതോടെ നാട്ടിലേക്ക് കടന്നു കളഞ്ഞ ഇയാള്‍ മാര്‍ച്ച് ആദ്യ വാരമാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. ഇയാളുടെ കൂട്ടാളികളില്‍ ഒരാളെ കഴിഞ്ഞ മാര്‍ച്ചില്‍ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം ലഭിച്ച ഇയാള്‍ മറ്റൊരു പ്രതിക്കൊപ്പം കുവൈത്തില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി കുവൈത്ത് സര്‍ക്കാരിന്റെ പദ്ധതിയിലേക്ക് ഇരുപതിനായിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ കൊണ്ടു വരികയും ഇവരില്‍ നിന്നു 5 കോടി ദിനാറോളം (ഏകദേശം 1100 കോടി രൂപ) വിസക്കുള്ള പണമായി വാങ്ങിയെന്നുമാണു കേസ്. ഇതിനു പുറമേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും കണ്ടെത്തിയിരുന്നു. 5 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളില്‍ ചിലര്‍ കുവൈത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

1992 ല്‍ കുവൈത്തിലെ പ്രമുഖ സ്ഥാപനത്തില്‍ സാധാരണ ശുചീകരണ തൊഴിലാളിയായി എത്തിയ മുഹമ്മദ് ഷാഹിദ് അല്‍ ഇസ്‌ലാം പൊടുന്നനെ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുകയും പിന്നീട് ഇതേ സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ പങ്കാളി ആവുകയുമായിരുന്നു.

2018 ല്‍ നടന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായാണു മുഹമ്മദ് ഷാഹിദ് അല്‍ ഇസ്‌ലാം തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്. ഇതേ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ ഭാര്യ സെലീന ഇസ്‌ലാമും അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ചിരുന്നു. കുവൈത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയുടെ മേനേജിംഗ് ഡയറക്റ്റര്‍ കൂടിയാണ് ഇദ്ദേഹം. ഇതിനു പുറമേ ബംഗ്ലാദേശിലെ എന്‍ആര്‍ബി കൊമേഴ്സ്യല്‍ ബാങ്കിന്റെ വൈസ് ചെയര്‍മാനും എന്‍ആര്‍ബി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് കമ്പനി ചെയര്‍മാനുമാണ്. ബംഗ്ലാദേശിലെ ക്രിസ്റ്റല്‍ എനര്‍ജി ലിമിറ്റഡ് (സിഇഎല്‍), സിംഗപ്പൂരിലെ ഒമേര എനര്‍ജി, യുണൈറ്റഡ് അല്‍-എക്ടെസാദ് ഇന്റര്‍നാഷണല്‍ മണി റെമിറ്റന്‍സ് കമ്പനി എന്നിവയുടെ ഡയറക്ടറുമാണ്. 

Tags:    

Similar News