' നൂറു സംശയങ്ങള്‍ ഒരു തെളിവായി മാറില്ല ' : ഡല്‍ഹി കലാപക്കേസില്‍ ജയിലിലടച്ചവര്‍ക്കെതിരെ ആയുധനിയമം ചുമത്തില്ലെന്ന് കോടതി

Update: 2021-03-02 13:52 GMT

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്തു ജയിലിലടച്ച രണ്ടു യുവാക്കളുടെ പേരില്‍ ആയുധനിയമം കൂടി ചുമത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി നിരസിച്ചു. 'നൂറ് മുയലുകളില്‍ നിന്ന് നിങ്ങള്‍ക്ക് കുതിരയെ ഉണ്ടാക്കാന്‍ കഴിയില്ല, നൂറ് സംശയങ്ങള്‍ ഒരു തെളിവായി മാറില്ല' എന്ന റഷ്യന്‍ നോവലിസ്റ്റ് ഫയദോര്‍ ദസ്തയേവ്‌സ്‌കിയുടെ വാചകം ഉദ്ധരിച്ചാണ് ഡല്‍ഹി ജില്ലാ കോടതി പ്രോസിക്യൂഷന്റെ ആവശ്യം നിരസിച്ചത്.


കേസില്‍ ചുമത്തിയ വകുപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ എന്ന തെലി, ബാബു എന്നിവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആയുധങ്ങളുമായി കൊലപാതക ശ്രമം നടത്തിയതിനും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സലീം അഹമ്മദ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ഈ ആവശ്യം നിരസിക്കുകയായിരുന്നു. 'കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ ചില കാര്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ക്രിമിനല്‍ കര്‍മ്മശാസ്ത്രം പറയുന്നു. അനുമാനം തെളിവാക്കി മാറ്റി കേസെടുക്കാനാവില്ല ' ജഡ്ജി പറഞ്ഞു.




Tags:    

Similar News