അനധികൃത വിലക്ക് താനും നേരിട്ടു; നഷ്ടമായത് കരാറൊപ്പിട്ട ഒന്‍പത് സിനിമകള്‍ : ശ്വേതാ മേനോന്‍
കൊച്ചി: മലയാള സിനിമയില്‍ അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് പ്രതികരിച്ചതിന്റെ പേരിലാണെന്നും നടി ശ്വേതാ മേനോന്‍. സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാം. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും കാണുമെന്നും ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.''ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്ന കാര്യമാണ് സ്ത്രീകള്‍ക്കു പ്രശ്‌നമുണ്ട്, നമ്മള്‍ സ്വന്തമായി തന്നെ ഇതില്‍ പോരാടണമെന്ന്. കാരണം ഇക്കാര്യത്തില്‍ നമുക്കൊപ്പം ആരും ഉണ്ടാകില്ല. അതിപ്പോഴും ഞാന്‍ ഉറപ്പിച്ചു പറയുന്നു.
ഒരുപാട് സ്ത്രീകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ബോളിവുഡിലൊക്കെ അഭിനയിച്ചു വന്ന അനുഭവം ഉണ്ടായതുകൊണ്ട് ഞാനിതൊക്കെ ചോദിക്കും. പക്ഷേ മറ്റുള്ളവര്‍ക്ക് ഇതുപോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ ചോദ്യവുമായി മുന്നോട്ടുവരണം.
സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാന്‍ തന്നെ പത്ത് പന്ത്രണ്ട് കേസുകളില്‍ പോരാടുന്ന ആളാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ പലതിലും പ്രതികരിക്കാറുണ്ട്. അതുകൊണ്ട് ഇതൊന്നും പുതുമയല്ല. നോ പറയേണ്ടടത്ത് നോ പറയണം. എല്ലാവരും നല്ല കുടുംബത്തില്‍ നിന്നൊക്കെ വരുന്ന ആളുകളാണ്. നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്‌നങ്ങളാണിതൊക്കെ.
എടാ പോടാ ബന്ധമാണ് ഞാനുമായി എല്ലാവര്‍ക്കുമുള്ളത്. മോശമായ കാര്യങ്ങളുണ്ടായാല്‍ നോ പറയാനുള്ള ധൈര്യം പണ്ടുമുതലേ ഉണ്ട്. 'അമ്മ'യില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മൈക്കിലൂടെ ഞാന്‍ ചോദിക്കാറുണ്ട്, ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തുറന്നു പറയൂ എന്ന്. കാരണം ഈ ചാന്‍സ് എപ്പോഴും കിട്ടില്ല. പക്ഷേ ആരും മുന്നോട്ടു വന്നിട്ടില്ല.
സ്ത്രീകള്‍ക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാന്‍. വര്‍ഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ്. മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പീരിയഡ്‌സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നു പറയും. നമ്മള്‍ പറഞ്ഞാല്‍ അല്ലേ അത് അവര്‍ക്കും അറിയാന്‍ പറ്റൂ. അത് പറയണം-ശ്വേത പറഞ്ഞു.