ഹേമാ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി

Update: 2024-08-13 10:13 GMT

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടരുതെന്ന ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് നിര്‍മാതാവ് സജിമോന്‍ പാറയിന്റെ ഹരജി തള്ളിയത്. റിപോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആരോപണവിധേയരുടെ ഭാഗം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്നുമാണ് സജിമോന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായതോടെ ഒരാഴ്ചയ്ക്കകം

    റിപോര്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചൂഷണങ്ങളും പഠിക്കാന്‍ വേണ്ടി 2017ലാണ് ഹേമ കമ്മീഷന്‍ രൂപീകരിച്ചത്. സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ഇടപെടലിലൂടെയായിരുന്നു നടപടി. ഹൈക്കോടതി മുന്‍ ജഡ്ജി കെ ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വല്‍സലകുമാരി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് രൂപീകരിച്ചത്. ആറു മാസത്തിനകം പഠനറിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും പല കാരണങ്ങളാല്‍ വൈകി 2019 ഡിസംബറില്‍ സമര്‍പ്പിച്ചു.

    എന്നാല്‍, രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപോര്‍ട്ടിന്മേല്‍ ചര്‍ച്ചയോ തുടര്‍നടപടിയോ ഉണ്ടായില്ല. വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ഉള്‍പ്പെടെ പലതവണ ആവശ്യവുമായി രംഗത്തെത്തിയിരുന്നെങ്കിലും വൈകുകയായിരുന്നു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്നായിരുന്നു സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ അറിയിച്ചത്. വിമന്‍ ഇന്‍ കലക്റ്റീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹേമാ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ തടസ്സഹരജി നല്‍കിയത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കു മുമ്പാണ് മാറ്റിയത്.

Tags:    

Similar News