റെനി ഐലിന്‍
കഷ്ടിച്ച് ഒന്നര ദിവസം മാത്രമെടുത്തുകൊണ്ട് ഞാന്‍ 264 പേജുള്ള ആ പുസ്തകം വായിച്ചു തീര്‍ത്തു. 'എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല ' എന്ന പുസ്തകത്തിലൂടെ കടന്നു പോയപ്പോള്‍ ഉള്ളത് പറയാല്ലോ കേരളത്തിലെ പല ദളിത് നേതാക്കളുടെയും മുഖം മനസിലൂടെ വന്നു പോയി. ഡി എച് ആര്‍ എം ന്റെ ' നാട്ടുവിശേഷം ' എന്ന മാസികയില്‍ ദളിതനായ ഒരു സ്വയം സേവകന്‍ ജാതീയമായ വിവേചനം നേരിട്ട് ഒടുവില്‍ സംഘപരിവാറില്‍ നിന്ന് പിരിയുന്ന സംഭവം ഒരു അഭിമുഖത്തിലൂടെ വിവരിക്കുന്നുണ്ട്. അതിനു ശേഷം സാദൃശ്യമുള്ള മറ്റൊന്ന് ഇപ്പോഴാണ് വായിക്കുന്നത്. 51 അധ്യായങ്ങളുള്ള പുസ്തകത്തിന് ഒ കെ സന്തോഷ് എഴുതിയ അവതാരികയില്‍ കാഞ്ച എലയ്യ മുതല്‍ കെകെ കൊച്ചു വരെയുള്ളവരെ പരാമര്‍ശിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. പുസ്തകത്തിന്റെ ആദ്യ ഭാഗം ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ ഘടന വിവരിക്കുമ്പോള്‍ ചെറിയൊരു ആവര്‍ത്തനവിരസത അനുഭവപ്പെട്ടതായി തോന്നി. ഒരു പക്ഷേ, ആര്‍എസ്എസ്സിനെക്കുറിച്ചു വിവരിക്കുന്ന പല ഗ്രന്ഥങ്ങളിലും ഇത് വിവരിച്ചത് നേരത്തെ വായിച്ചതുകൊണ്ടാവാം എനിക്കങ്ങനെ തോന്നിയത്.
മുന്നോട്ടേക്കു പോകുമ്പോള്‍ ഒരിക്കല്‍ പോലും നമുക്ക് മടുപ്പനുഭവപ്പെടുന്നില്ല. ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയത്തിന്റെ കെട്ടുപിണഞ്ഞു കിടക്കുന്ന വേരുകള്‍ക്കിടയിലൂടെയുള്ള സഞ്ചാരം ഗവേഷക വിദ്യാര്‍ഥിയുടെ യാത്ര പോലെ തോന്നുന്നു. ഭവര്‍ മെഘ്വന്‍ഷിയുടെ ഹിന്ദുത്വ പ്രണയകാലവും അന്വേഷണങ്ങളും സംശയങ്ങളും വളരെ ഭംഗിയായി തന്നെ വരച്ചുകാട്ടുന്നുണ്ട്. 'താനൊഴികെ എല്ലാവരും ദേശദ്രോഹികള്‍, എല്ലാവരെയും ശത്രുക്കളായി കാണുന്ന രീതി. പുറത്തു മറ്റൊന്ന് പറയുന്നു അകത്തു വേറൊരു കാര്യത്തിനായി കോപ്പുകൂട്ടുന്നു. സംഘപരിവാറിന്റെ തത്വങ്ങള്‍, രീതികള്‍' എങ്ങനെയാണ് ഇതെല്ലാം പ്രാവര്‍ത്തികമാക്കുന്നത് എന്ന് പുസ്തകത്തിന്റെ ഓരോ താളിലൂടെയും കടന്നുപോകുമ്പോള്‍ നമുക്ക് മനസിലാക്കാം. ദലിതര്‍ സവര്‍ണ്ണരുടെ ഗുണ്ടകള്‍ ആയി മുസ് ലിംകളെ കൊല്ലാന്‍ നടക്കുന്ന സംഭവങ്ങള്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. വളര്‍ന്നു വരുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നത്, നേതാക്കന്മാരെ വിലക്കെടുക്കുന്നത് അങ്ങനെ തുടങ്ങി സമകാലീന ഇന്ത്യയില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും തൊണ്ണൂറുകളുടെ അവസാനത്തിലോ 2000ന്റെ ആദ്യപാദങ്ങളിലോ നടന്നത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഇതൊന്നും പുതിയതല്ല എന്ന് മനസിലാകും. ബ്രാഹ്മണിസം വളരെ സമര്‍ഥമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
ലളിതവും സരളവുമായ ഭാഷയിലൂടെ ഇതിനെ വിവര്‍ത്തനം ചെയ്ത അനീസ് കമ്പളക്കാട് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. മലയാളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ സാഹിത്യത്തില്‍ ഉറപ്പായും ഒരു നാഴികക്കല്ല് തന്നെയാണ് ഈ പുസ്തകം. ഹിന്ദിയില്‍ വന്ന പുസ്തകം ജെ എന്‍ യു വിലെ അധ്യാപികയായ നിവേദിത മേനോന്‍ ആണ് ഇംഗ്ലീഷിലാക്കിയത്. പിന്നീട് വിവിധ ഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. മലയാളത്തിലേയ്ക്ക് ഇത് വിവര്‍ത്തനം ചെയ്യുകവഴി അനീസും ബുക്പ്ലസും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. അക്ഷരതെറ്റുകള്‍ ചിലയിടങ്ങളില്‍ ഉണ്ട്. പ്രൂഫ് റീഡിങ് കുറേക്കൂടി കുറ്റമറ്റതാക്കാമായിരുന്നു. കവര്‍പേജ്, ഡിസൈന്‍, അച്ചടി എല്ലാം മികവുറ്റതാണ്. 300 രൂപ ഒരധിക വിലയല്ല. ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകം.
എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല
ഭവര്‍ മെഘ്വന്‍ഷി
വിവ: അനീസ് കമ്പളക്കാട്
ബുക്പ്ലസ്
300 രൂപ