'ഞാന്‍ കോടതിയെ വിശ്വസിച്ചു; ഇപ്പോള്‍ ആകെ മരവിപ്പാണ്': ബലാല്‍സംഗ കുറ്റവാളികളെ മോചിതരാക്കിയതിനെതിരേ ബില്‍ക്കിസ് ബാനു

Update: 2022-08-17 16:46 GMT

ന്യൂഡല്‍ഹി:  2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാത്സംഗം ചെയ്ത 11 പേരെ ഗുജാറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയതിനെതിരേ ബില്‍ക്കിസ് ബാനു. സര്‍ക്കാര്‍ തീരുമാനമറിഞ്ഞ താന്‍ നിര്‍വികാരയും മരവിച്ച അവസ്ഥയിലുമാണെന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.

'ഞാന്‍ പരമോന്നത കോടതികളെ വിശ്വസിച്ചു. വ്യവസ്ഥിതിയെ വിശ്വസിച്ചു, ആഘാതങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പതുക്കെ പഠിച്ചുവരികയായിരുന്നു'- അവര്‍ പറഞ്ഞു.

ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പേര്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഇളവില്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതരായത്. 15 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഹിന്ദുത്വരെയാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്.

2002 മാര്‍ച്ചിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തില്‍ ആസൂത്രിതമായി നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ വംശഹത്യക്കിടെയാണ് ആറ് മാസം ഗര്‍ഭിണിയും 21കാരിയുമായ ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. 17 പേരായിരുന്നു കേസില്‍ പ്രതിസ്ഥാനത്ത്. ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തതിന് പുറമേ അവരുടെ മൂന്ന് വയസ് പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 13 കുടുംബാംഗങ്ങളേയും പ്രതികള്‍ കൊന്നുതള്ളിയിരുന്നു.

കേസില്‍ അഞ്ച് പോലിസ് ഉദ്യോഗസ്ഥരും കുറ്റവാളികളാണ്. കുറ്റവാളികളെന്ന് തെളിഞ്ഞ പതിനൊന്ന് പേരും അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കീഴ്‌ക്കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവായിരുന്നു വിധിച്ചത്.

Tags:    

Similar News