' ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം' : എം എ ബേബി

പക്ഷേ, ഇന്ത്യയെ കീഴടക്കാനുള്ള ആര്‍ എസ് എസ് പദ്ധതിക്ക് ചൂട്ടു പിടിക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകള്‍. അതു കോണ്‍ഗ്രസിന്റേതായാലും മറ്റു മതേതര ന്യൂനപക്ഷ കക്ഷികളുടേതായാലും സാമൂഹ്യസംഘടനകളുടേതായാലുംസ്വതന്ത്രചിന്തകരുടേതായാലും മാധ്യമങ്ങളുടേതായാലും'

Update: 2020-10-31 09:59 GMT

ആലപ്പുഴ:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്യതതു സംബന്ധിച്ച് പരോക്ഷ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. 'ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. തന്റെ അഭിപ്രായം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടിനേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ'് എന്നാണ് എം എ ബേബി ഫെയ്‌സ്ബുക്കിലെഴുതിയ ദീര്‍ഖമായ കുറിപ്പില്‍ ആരുടെയും പേര് പറയാതെ വിമര്‍ശിച്ചത്. പക്ഷേ, അതിന്റെ പേരില്‍ സിപിഐഎമ്മിനെ തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങള്‍ക്കുള്ളിലായതിനാല്‍ തന്നെ അത് തകര്‍ത്തുകളയാന്‍ ആര്‍ എസ് എസിനാവില്ല. എന്നും എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഹിറ്റ്ലറിന്റെ ജര്‍മ്മനിയില്‍നിന്ന് ആവേശമുള്‍ക്കൊള്ളണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആര്‍ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാര്‍ടിയാണ് ബിജെപി. അതിന്റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്കുന്ന പരമപ്രാധാന്യം ആര്‍ എസ് എസിനെ അസ്വസ്ഥമാക്കുന്നു. ഇത് ഇന്നത്തെ ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ പ്രമേയങ്ങളിലൊന്നാണ്. ഇപ്പോള്‍ ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പു നോക്കൂ, സിപിഐഎം അവിടെ വെറും നാലു സീറ്റില്‍ മത്സരിക്കുന്ന കക്ഷിയാണ്. പക്ഷേ, രാഷ്ട്രീയ ജനതാ ദളിനെയും കോണ്‍ഗ്രസിനെയും സിപിഐഎംഎല്‍ അടക്കമുള്ള ഇടതുപക്ഷ കക്ഷികളെയും ഒരു മുന്നണിയാക്കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്. ഇടതുപക്ഷപാര്‍ടികള്‍. അതിന്റെഫലമായി 29 സീറ്റുകളില്‍ മല്‍സരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും സിപിഐഎംഎല്‍ ആര്‍ജെഡിയോടൊപ്പം മുന്നണിയായി മത്സരിച്ചിട്ടില്ല എന്നതില്‍ മാറ്റം വരുന്നത് നിസ്സാരമല്ല. എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ബിജെപിയുടെ ആസൂത്രണപ്രകാരം ബംഗാള്‍ അവരുടെ കയ്യിലൊതുങ്ങില്ല എന്ന് അവര്‍ക്ക് ദിനംപ്രതി വ്യക്തമാവുന്നു. തമിഴ്നാട്ടിലും അസമിലും പോണ്ടിച്ചേരിയിലും ഇടതുപക്ഷം അടങ്ങുന്ന ആര്‍ എസ് എസ് വിരുദ്ധ ചേരി ആണ് അധികാരത്തിലെത്തുക എന്നത് ഏറെക്കുറെ വ്യക്തമാണ്. കേരളം ഇപ്പോഴും അവരുടെ കൈയകലത്തിലല്ല. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് പരമാധികാരം നേടുക എന്ന ആര്‍ എസ് എസ് സ്വപ്നമാണ് ഇവിടെ പൊലിയുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ ഒരു തുടര്‍താണ്ഡവം ആര്‍ എസ് എസ് കേരളത്തില്‍ നടത്തിക്കുന്നത്. ഈ രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ തക്ക വിവേകം ഉള്ളവരാണ് കേരളത്തിലെ ജനങ്ങള്‍. ഒരു സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണമാണ് ഇവിടെ ആരംഭിച്ചത്. സ്വര്‍ണ്ണക്കടത്തുകേസ്സ് ഏതുകേന്ദ്ര ഏജന്‍സിയും അന്വേഷിക്കട്ടെയെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത് പ്രസക്തമാണ്. എന്‍ ഐ എ അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ടപ്പോള്‍ കേരളത്തിലെ സര്‍ക്കാരും സിപിഐഎമ്മും സര്‍വാത്മനാ സ്വാഗതം ചെയ്തു. പക്ഷേ, കള്ളക്കടത്തു തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരും അതിന്റെ അന്വേഷണ ഏജന്‍സികളും ദേശവിരുദ്ധമായ സാമ്പത്തികക്കുറ്റങ്ങള്‍ അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാനല്ല, ആര്‍ എസ് എസിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി ഈ അന്വേഷണങ്ങളെ എങ്ങനെ എങ്കിലും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാമോ എന്നതു മാത്രമാണ് നോക്കിയത്.' എന്നാണ് എം എ ബേബി എഴുതുന്നത്.

' ഇന്ത്യയിലെ ആര്‍ എസ് എസ് വാഴ്ചക്ക് ബദല്‍ ശബ്ദം ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാ ജനാധിപത്യവാദികളും ഉണര്‍ന്നിരിക്കണം. സിപിഐഎമ്മിന് എന്തെങ്കിലുംവീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ചര്‍ച്ചചെയ്ത് സമുചിതമായി തിരുത്തും എന്നതില്‍സംശയമില്ല . പക്ഷേ, ഇന്ത്യയെ കീഴടക്കാനുള്ള ആര്‍ എസ് എസ് പദ്ധതിക്ക് ചൂട്ടു പിടിക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകള്‍. അതു കോണ്‍ഗ്രസിന്റേതായാലും മറ്റു മതേതര ന്യൂനപക്ഷ കക്ഷികളുടേതായാലും സാമൂഹ്യസംഘടനകളുടേതായാലുംസ്വതന്ത്രചിന്തകരുടേതായാലും മാധ്യമങ്ങളുടേതായാലും' എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം എ ബേബി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags:    

Similar News