'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു', രാഹുല്‍ ഗാന്ധി എവിടെയാണ്?; വിമര്‍ശനം ഉന്നയിച്ച് എം എ ബേബി

ഉത്തര്‍പ്രദേശില്‍ മഥുരയിലും കാശിയിലും പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപം നടത്താന്‍ ഒരുക്കം കൂട്ടുന്നു. കാശിയിലെ ഗ്യാന്‍വാപി പള്ളിയിലെ വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന കുളം കഴിഞ്ഞ ദിവസം മുതല്‍ കോടതി ഉത്തരവുപ്രകാരം സീല്‍ ചെയ്തിരിക്കുകയാണ്.

Update: 2022-05-19 16:17 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സംഘപരിവാരം കലാപത്തിന് കോപ്പുകൂട്ടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എവിടേയാണെന്ന ചോദ്യം ഉന്നയിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്. 'ഉദയ്പ്പൂരില്‍ നടത്തിയ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനു ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വളരെ ഗംഭീരമായിരുന്നു! 'ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടമാണ് എന്റെ ജീവിതം!' ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ നടത്തിയിട്ടുള്ള പ്രസ്താവനകളെ ഓര്‍മിപ്പിച്ചു!'. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് ആര്‍എസ്എസിന്റെ ഫാസിസ്റ്റിക് ആയ ഭരണത്തിനെതിരെ വിയര്‍പ്പൊഴുക്കാന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നത് എത്ര നല്ല രാഷ്ട്രീയനീക്കം ആയിരിക്കും!

പക്ഷേ, ഇന്ത്യ മുഴുവന്‍ വര്‍ഗീയവിഭജനം നടത്തി ഹിന്ദു മുസ്ലിംക്രിസ്ത്യന്‍ കലാപങ്ങള്‍ക്ക് വെടിമരുന്ന് കൂട്ടിവയ്ക്കുകയാണ് സംഘപരിവാര്‍.

ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതല്‍ ജമ്മു കാശ്മീര്‍ സംഘര്‍ഷഭരിതമാണ്. വര്‍ഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡലപുനര്‍നിര്‍ണയനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതേയുള്ളൂ'. എം എ ബേബി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഹുല്‍ ഗാന്ധി എവിടെയാണ്?

ഉദയ്പ്പൂരില്‍ നടത്തിയ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനു ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വളരെ ഗംഭീരമായിരുന്നു! 'ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടമാണ് എന്റെ ജീവിതം!' ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ നടത്തിയിട്ടുള്ള പ്രസ്താവനകളെ ഓര്‍മിപ്പിച്ചു! ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ലെന്നും വിയര്‍പ്പൊഴുക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസുകാരോടു ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് ആര്‍എസ്എസിന്റെ ഫാസിസ്റ്റിക് ആയ ഭരണത്തിനെതിരെ വിയര്‍പ്പൊഴുക്കാന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നത് എത്ര നല്ല രാഷ്ട്രീയനീക്കം ആയിരിക്കും!

പക്ഷേ, ഇന്ത്യ മുഴുവന്‍ വര്‍ഗീയവിഭജനം നടത്തി ഹിന്ദു മുസ്ലിംക്രിസ്ത്യന്‍ കലാപങ്ങള്‍ക്ക് വെടിമരുന്ന് കൂട്ടിവയ്ക്കുകയാണ് സംഘപരിവാര്‍.

ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതല്‍ ജമ്മു കാശ്മീര്‍ സംഘര്‍ഷഭരിതമാണ്. വര്‍ഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡലപുനര്‍നിര്‍ണയനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതേയുള്ളൂ.

ഉത്തര്‍പ്രദേശില്‍ മഥുരയിലും കാശിയിലും പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപം നടത്താന്‍ ഒരുക്കം കൂട്ടുന്നു. കാശിയിലെ ഗ്യാന്‍വാപി പള്ളിയിലെ വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന കുളം കഴിഞ്ഞ ദിവസം മുതല്‍ കോടതി ഉത്തരവുപ്രകാരം സീല്‍ ചെയ്തിരിക്കുകയാണ്. മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുന്ന കേസ് കീഴ്‌ക്കോടതി തള്ളിക്കളഞ്ഞതാണ്. 1991ലെ ആരാധനാലയനിയമപ്രകാരം 1947 ഓഗസ്റ്റ് പതിനഞ്ചിന് ഒരു ആരാധനാലയത്തിന്റെ നില എന്താണോ അത് മാറ്റാന്‍ ആവില്ല. അതുപ്രകാരമാണ് ഈ കേസ് തള്ളിക്കളഞ്ഞ്. എന്നാല്‍ ഇന്ന് ജില്ലാ കോടതി ഈ കേസ് ഫയലില്‍ സ്വീകരിച്ചു. അങ്ങനെ മഥുരയെയും ഇന്ത്യയെ വര്‍ഗീയവിഭജനത്തിനുള്ള ഒരിടമാക്കുകയാണ്.

ദില്ലിയിലെ ജഹാംഗീര്‍ പുരിയിലും മറ്റും മുസ്ലിം പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ച് ബുള്‍ഡോസര്‍ അയയ്ക്കുന്നു. താജ്മഹലിന്ററയും കുത്തബ് മിനാറിന്റെയും പേരില്‍ തര്‍ക്കമുണ്ടാക്കുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിന്റെ ഒരു മൂലയില്‍ ഒരു കോവില്‍ സ്ഥാപിച്ച് അവിടെ മുമ്പേ കലാപം ഉണ്ടാക്കി.

അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ ഉണ്ടാക്കുന്നു. പൗരത്വബില്ലിന്റെ പേരില്‍ അസമിലും ബംഗാളിലുമുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. കര്‍ണാടകത്തിലെ പാഠപുസ്തകത്തില്‍ നിന്ന് ശ്രീ നാരായണ ഗുരുവിനെ മാറ്റി ഗോള്‍വാള്‍ക്കറുടെ രചന ഉള്‍പ്പെടുത്തുന്നു. മതപരിവര്‍ത്തനനിയമത്തിന്റെയും മറ്റു കാരണങ്ങള്‍ പറഞ്ഞും ക്രിസ്ത്യാനികള്‍ക്കെതിരെയും കര്‍ണാടകയിലെ സംഘപരിവാരം തിരിഞ്ഞിരിക്കുന്നു. ഹിജാബ് എന്ന പേരില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ച തൊട്ടു പിന്നാലെ ആണിത്.

ഇവിടെ എവിടെയെങ്കിലും ആര്‍എസ്എസിനെതിരായ സമരമാണ് എന്റെ ജീവിതം എന്നു പറഞ്ഞ രാഹുല്‍ ഗാന്ധിയെ കാണാനുണ്ടോ? ജനങ്ങളെ വിയര്‍പ്പൊഴുക്കി അണിനിരത്താന്‍ ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ ഉണ്ടോ? മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടിപ്പോകുന്ന കോണ്‍ഗ്രസുകാരെ തടയാന്‍ പോലും രാഹുല്‍ ഗാന്ധി മെനക്കെടുന്നില്ല. കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുന്‍ അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ ഇന്നലെ ബിജെപില്‍ ചേര്‍ന്നു. ഇന്നു ചേരുന്നത് ഗുജറാത്തിലെ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ആണ്.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും ഓരോരുത്തരായി പാര്‍ട്ടി വിടുകയാണ്.

ഇന്ത്യയിലെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വൃഥാ വ്യായാമമാണെന്ന് നിശ്ചയം.

Full View

Tags:    

Similar News