'ഷാജഹാന്‍ താജ്മഹല്‍ പണിതില്ലായിരുന്നെങ്കില്‍ പെട്രോള്‍ ലിറ്ററിന് 40 രൂപക്ക് കിട്ടുമായിരുന്നു'; കേന്ദ്ര സര്‍ക്കാരിനെതിരേ പരിഹാസവുമായി ഉവൈസി

Update: 2022-07-05 15:12 GMT

ന്യൂഡല്‍ഹി: ഷാജഹാന്‍ താജ്മഹല്‍ പണിതിരുന്നില്ലെങ്കില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 40 രൂപക്ക് ലഭിക്കുമായിരുന്നുവെന്ന് കേന്ദ്രത്തെയും നരേന്ദ്ര മോദിയെയും പരിഹസിച്ച് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുഗളന്മാരും മുസ് ലിംകളുമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം പല്ലവിയെ പരിസഹിച്ചാണ് ഉവൈസിയുടെ പ്രതികരണം.

'രാജ്യത്തെ ചെറുപ്പക്കാര്‍ തൊഴില്‍രഹിതരാണ്, പണപ്പെരുപ്പം കുതിച്ചുയരുകയാണ്, ഡീസല്‍ ലിറ്ററിന് 102 രൂപയ്ക്ക് വില്‍ക്കുന്നു, തീര്‍ച്ചയായും ഔറംഗസേബാണ് ഇതിനെല്ലാം ഉത്തരവാദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. തൊഴിലില്ലായ്മയ്ക്ക് അക്ബര്‍ ചക്രവര്‍ത്തി ഉത്തരവാദിയാണ്. പെട്രോള്‍ ലിറ്ററിന് 104-115 രൂപയ്ക്ക് വില്‍ക്കുന്നു, താജ്മഹല്‍ നിര്‍മ്മിച്ചയാളാണ് ഉത്തരവാദി.'- ഉവൈസി പ്രസംഗിച്ചു. പ്രസംഗത്തിന്റെ വീഡിയോ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ അദ്ദേഹം പങ്കിട്ടു.

'ഇന്ത്യ ഭരിച്ചത് മുഗളന്മാര്‍ മാത്രമാണോ? അശോകന്‍ ചെയ്തില്ലേ? ചന്ദ്രഗുപ്ത മൗര്യന്‍ ചെയ്തില്ലേ? എന്നാല്‍ ബിജെപിക്ക് മുഗളന്മാരെ മാത്രമേ കാണാനാകൂ. അവര്‍ ഒരു കണ്ണില്‍ മുഗളന്മാരെയും മറുകണ്ണില്‍ പാകിസ്താനെയും കാണുന്നു,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് മുഗളന്മാരുമായോ പാകിസ്ഥാനുമായോ യാതൊരു ബന്ധവുമില്ലെന്ന് ഉവൈസി പറഞ്ഞു. 'ഞങ്ങള്‍ (മുഹമ്മദ് അലി) ജിന്നയുടെ നിര്‍ദേശം നിരസിച്ചു, ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കും. തങ്ങളുടെ പൂര്‍വ്വികര്‍ ജിന്നയുടെ നിര്‍ദേശം നിരസിച്ച് ഇന്ത്യയില്‍ താമസിച്ചതിന് ഈ രാജ്യത്തെ 20 കോടി മുസ് ലിംകള്‍ സാക്ഷിയാണ്,' അദ്ദേഹം പറഞ്ഞു.

'ഇന്ത്യ ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യമാണ്. ഞങ്ങള്‍ ഇന്ത്യ വിടില്ല. നിങ്ങള്‍ എത്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാലും ഞങ്ങളോട് പോകാന്‍ ആവശ്യപ്പെട്ടാലും ഞങ്ങള്‍ ഇവിടെ ജീവിക്കും ഇവിടെ മരിക്കും,' ഒവൈസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News