കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ആര്‍എസ്എസിന്റെ വിദ്വേഷ ആക്രമണം; ഷാജഹാന്‍ നേരിട്ടത് കൊടുംക്രൂരത, പോലിസിനും മിണ്ടാട്ടമില്ല

Update: 2023-11-30 13:02 GMT
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയായ അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേരളമൊന്നാകെ പ്രാര്‍ഥനയും തിരച്ചിലുമായി കഴിയുമ്പോഴും വിദ്വേഷ ആക്രമണവുമായി സംഘപരിവാരം. സംഘത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ആക്രമണം. രേഖാചിത്രത്തിലെ ആളുമായി സാദൃശ്യമുണ്ടെന്നു പറഞ്ഞ് പെരിനാട് കുഴിയത്ത് ഷാജഹാന്റെ വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. ജീവനും കൊണ്ട് ഓടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് ഷാജഹാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിട്ട് രണ്ടുദിവസമായിട്ടും പോലിസിനു മിണ്ടാട്ടമില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താന്‍ വേണ്ടി പോലിസും യുവജനസംഘടനകളും നാടൊന്നാകെയും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആര്‍എസ്എസിന്റെ ആക്രമണമെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഒടുവില്‍ പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് തന്റെ നിരപരാധിത്വം വെളിപ്പെടുത്തുകയും ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

    കൊല്ലം പെരിനാട് കുഴിയത്ത് ഷാജഹാന്‍ നേരത്തേ ചില കേസുകളില്‍ പ്രതിയായിരുന്നു. രേഖാചിത്രത്തിന്റെ മറപിടിച്ചാണ് സംഘപരിവാര അക്രമികള്‍ തങ്ങളുടെ വിദ്വേഷം തീര്‍ത്തത്. രേഖാചിത്രത്തിലെ ആളുമായി സാമ്യമുണ്ടെന്നു പറഞ്ഞ് പോലിസ് ഷാജഹാന്റെ വീട്ടിലെത്തിയിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനിടെ, ഷാജഹാനെ കസ്റ്റഡിയിലെടുത്തെന്ന കാര്യം അമൃത ടിവി വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ചെയ്തു. പോലിസിലെ സംഘപരിവാര അനുകൂലികളാണ് ചാനലിനു വാര്‍ത്ത നല്‍കിയതെന്നാണ് വിവരം. വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ തന്നെ സംഘപരിവാര കേന്ദ്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത വന്‍തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍, കുട്ടിയെ കാണാതായ ദിവസം മരുമകന് അപകടത്തില്‍ പരിക്കേറ്റതിനാല്‍ മുഴുവന്‍ സമയവും ഷാജഹാന്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇക്കാര്യം പോലിസ് തന്നെ ആശുപത്രി അധികൃതരുമായി അന്വേഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഷാജഹാനെ പോലിസ് വിട്ടയക്കുകയും ചെയ്തു. എന്നാല്‍, ഷാജഹാന്‍ വീട്ടിലെത്തിയപ്പോള്‍ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി. ഷാജഹാനും കുടുംബവും താമസിക്കുന്ന ടാര്‍പ്പായ കൊണ്ടുള്ള കൊച്ചുവീട്ടിലെ കണ്ണില്‍ക്കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നും എന്നാല്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. 31 വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിനെതിരേ കേസുണ്ടായിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയയാളുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പേരില്‍ അവസരം മുതലെടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു മുസ് ലിം ആയ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാജഹാന്‍ പറയുന്നുണ്ട്. താന്‍ ആ സമയത്ത് ഉണ്ടായിരുന്നെങ്കില്‍ അവര്‍ തന്നെ കൊലപ്പെടുത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. പോലിസ് നിരപരാധിയാണെന്നു കണ്ടെത്തി വിട്ടയച്ചിട്ടും തന്നെ വേട്ടയാടുകയാണെന്നും മുന്‍ കുറ്റവാളിയെന്ന നിലയില്‍ പോലിസും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് ഷാജഹാന്‍ പറഞ്ഞു. പുറത്തിറങ്ങാന്‍ പോലുമാവാത്ത വിധം കുടുംബം ഭീതിയിലാണെന്നും ജീവന്‍ അപകടത്തിലാണെന്നും ഷാജഹാന്‍ കരഞ്ഞുപറഞ്ഞിട്ടും പോലിസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. വീടാക്രമണത്തിനു പിന്നിലുള്ളവരെ കണ്ടെത്താനോ അന്വേഷിക്കാനോ പോലിസ് തയ്യാറായിട്ടില്ല. മല്‍സ്യവ്യാപാരിയായി ജോലി ചെയ്യുന്ന ഷാജഹാനും പെണ്‍മക്കളടങ്ങുന്ന കുടുംബവും ചെറിയൊരു കൂരയിലാണ് താമസിക്കുന്നത്. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഷാജഹാന്‍ തന്നെ പ്രതിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും വീടാക്രമിച്ച പ്രതികളെ കണ്ടെത്തണമെന്നുമാണ് ഷാജഹാന്റെ ആവശ്യം. 15 വര്‍ഷത്തോളമായി താമസിക്കുന്നത് ഇതേ വീട്ടിലാണ്. കേരളത്തിലും ഉത്തരേന്ത്യന്‍ മാതൃകയില്‍ സംഘപരിവാരം വ്യാജപ്രചാരണം നടത്തുകയും വിദ്വേഷ ആക്രമണം നടത്തിയിട്ടും പോലിസിന്റെ മൗനം വിമര്‍ശിക്കപ്പെടുന്നുണ്ട്.

Tags:    

Similar News