പ്രശ്‌നത്തിന് പരിഹാരമില്ലെങ്കില്‍ എല്‍ഡിഎഫ് വിടും; വേറെ പാര്‍ട്ടി രൂപീകരിക്കും: കാരാട്ട് റസാഖ്
ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: സിപിഎമ്മിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ വിമര്‍ശനവുമായി കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണി വിടുമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു.
എല്‍ഡിഎഫിന് താന്‍ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കില്‍ ഇടതുപക്ഷം വിടും. ഇനി കാത്തിരിക്കാന്‍ വയ്യ. സിപിഎമ്മിന് ഒരാഴ്ച സമയം നല്‍കും. ഇല്ലെങ്കില്‍ മുന്നണി ഉപേക്ഷിക്കുമെന്നും റസാഖ് പറഞ്ഞു.ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് റിപോര്‍ട്ടുങ്ങള്‍.
മന്ത്രിയെന്ന നിലയില്‍ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചു. താന്‍ കൊണ്ടുവന്ന വികസനങ്ങള്‍ മുസ് ലിം ലീഗുമായി ചേര്‍ന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നതെന്നും റസാഖ് പറഞ്ഞു.
രണ്ട് പരാതികള്‍ താന്‍ സിപിഎമ്മിന് നല്‍കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിനെ കുറച്ചാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ മറുപടി ലഭിച്ചിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെ കുറിച്ചായിരുന്നു തന്റെ രണ്ടാമത്തെ പരാതി. എന്നാല്‍, ഈ പരാതിയിലും സിപിഎമ്മിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി. ലീഗിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്നും ആവശ്യമെങ്കില്‍ വേറെ പാര്‍ട്ടി തന്നെ രൂപീകരിക്കുമെന്നും റസാഖ് പറഞ്ഞു.