ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലിസ് പിതാവിനെയും മകളെയും അപമാനിച്ച സംഭവം: ദക്ഷിണമേഖല ഐജി അന്വേഷിക്കും
പിതാവും മകളും ഇന്ന് പോലിസ് ആസ്ഥാനത്തെത്തി ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു
ആറ്റിങ്ങല്‍: ആറ്റിങ്ങലിനടുത്ത് തോന്നയ്ക്കലില്‍ പിങ്ക് പോലിസ് പട്രോള്‍ ഉദ്യോഗസ്ഥ, ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും അപമാനിച്ച സംഭവം ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജയചന്ദ്രനും മകളും ഇന്ന് പോലിസ് ആസ്ഥാനത്ത് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐജിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പോലിസ് മേധാവി തീരുമാനിച്ചത്.
തന്റെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്് പിതാവിനെയും മൂന്നാം ക്ലാസ്സുകാരി മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിത കഴിഞ്ഞ ദിവസം പരസ്യമായി അപമാനിച്ചിരുന്നു. പരിശോധനയില്‍ പോലിസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ തന്നെ ഫോണ്‍ കണ്ടെത്തിയിരുന്നു. ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ യന്ത്രഭാഗം കൊണ്ടുപോകുന്നത് കാണാന്‍ എത്തിയതായിരുന്നു പിതാവും മകളും. പരസ്യമായ അപമാനം വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് രജിതയെ സ്ഥലം മാറ്റിയിരുന്നു.