അനധികൃത മദ്യം, പണം കൈമാറ്റം; പരിശോധനയ്ക്കായി ഫ്‌ലോട്ടിംഗ് ഫ്‌ലയിങ് സ്‌ക്വാഡ് രംഗത്ത്
ആലപ്പുഴ: സുതാര്യവും നിര്‍ഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ആലപ്പുഴ ജില്ലയില്‍ ഫ്‌ലോട്ടിംഗ് ഫ്‌ലെയിങ് സ്‌ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ബോട്ടില്‍ സഞ്ചരിക്കുന്ന ഫ്‌ലോട്ടിംഗ് ഫ്‌ലയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത്തവണ ആദ്യമായാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബോട്ടിലുള്ള ഫ്‌ലയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ചുമതലയിലാണ് ഫ്‌ലയിംങ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.
ഒരു എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഒരു പൊലീസ് ഓഫീസര്‍, ഒരു ക്യാമറാമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്‌ക്വാഡില്‍ ഉള്ളത്. ഇവര്‍ സംശയകരമായി കണ്ടെത്തുന്ന ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവ നിരീക്ഷിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. പഞ്ചായത്ത് സെക്രട്ടറിമാരായ കെ സുജാത, സജി, സെബാസ്റ്റ്യന്‍ എന്നിവരാണ് വിവിധ ഷിഫ്റ്റുകളിലായി ഫ്‌ലോട്ടിംഗ് സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.