ഉപതിരഞ്ഞെടുപ്പിലും ഇന്ത്യാസഖ്യം: 10 സീറ്റില്‍ മിന്നും ജയം; ബിജെപി രണ്ടിടത്ത് മാത്രം
ന്യൂഡല്‍ഹി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയ ഇന്ത്യാ സഖ്യത്തിന് ഉപതിരഞ്ഞെടുപ്പിലും മുന്നേറ്റം. രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി. 2 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും 4 സീറ്റില്‍ വീതവും ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും ഓരോ സീറ്റിലും വിജയിച്ചു. ബിഹാറില്‍ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണു വിജയം.
ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വന്നത്.
ബംഗാളില്‍ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബാഗ്ദാ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍നിന്ന് പിടിച്ചെടുത്തു. മണിക്തല സീറ്റ് തൃണമൂല്‍ നിലനിര്‍ത്തുകയും ചെയ്തു. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎപി 23,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ മണ്ഡലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയും ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ്ങിന്റെ ഭാര്യയുമായ കമലേഷ് താക്കൂര്‍ വിജയിച്ചു. ഹിമാചലില്‍ ഹാമിര്‍പുര്‍ മണ്ഡലം മാത്രമാണു ബിജെപിക്ക് നേടാനായത്. തമിഴ്‌നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെയുടെ സ്ഥാനാര്‍ഥി അറുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതേസമയം ബിഹാറിലെ റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ശങ്കര്‍ സിങ് 8,246 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ജെഡിയുവിന്റെ സ്ഥാനാര്‍ഥി കലാധര്‍ പ്രസാദ് മാണ്ഡലിനെയാണ് ശങ്കര്‍ സിങ് പരാജയപ്പെടുത്തിയത്.
ഹിമാചല്‍ പ്രദേശ്
ഡെഹ്‌റ കമലേഷ് താക്കൂര്‍ (കോണ്‍ഗ്രസ്)
നലഗഢ്ഹര്‍ദീപ് സിങ് ബാവ (കോണ്‍ഗ്രസ്)
ഹാമിര്‍പുര്‍ ആശിഷ് ശര്‍മ (ബിജെപി)
ബംഗാള്‍
റായ്ഗഞ്ച്കൃഷ്ണ കല്യാണി (തൃണമൂല്‍ കോണ്‍ഗ്രസ് )
രണഘട്ട് ദക്ഷിണമുകുത് മണി അധികാരി (തൃണമൂല്‍ കോണ്‍ഗ്രസ്)
ബാഗ്ദാമധുപര്‍ണ താക്കൂര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്)
മണിക്തലസുപ്തി പാണ്ഡെ (തൃണമൂല്‍ കോണ്‍ഗ്രസ് )
മധ്യപ്രദേശ്
അമര്‍വാരകമലേഷ് പ്രതാപ് ഷാ (ബിജെപി)
തമിഴ്‌നാട്
വിക്രവണ്ടിഅണ്ണിയുര്‍ ശിവ (ഡിഎംകെ)
ഉത്തരാഖണ്ഡ്
ബദരീനാഥ്‌ലഖ്പത് സിങ് ബൂട്ടോല (കോണ്‍ഗ്രസ്)
മംഗളൂര്‍ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ (കോണ്‍ഗ്രസ്)
ബിഹാര്‍
റുപൗലിശങ്കര്‍ സിങ് (സ്വതന്ത്രന്‍)
പഞ്ചാബ്
ജലന്ധര്‍ വെസ്റ്റ്‌മൊഹീന്ദര്‍ ഭഗത് (എഎപി)
ബിജെപി നെയ്ത ഭയത്തിന്റെയും ആശങ്കയുടെയും വല പൊട്ടിക്കൊണ്ടിരിക്കുന്നെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരും യുവാക്കളും തൊഴിലാളികളും വ്യാപാരികളും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാരും ഏകാധിപത്യത്തെ പൂര്‍ണമായി തകര്‍ക്കാനും നീതിയുടെ നിയമം കൊണ്ടുവരാനുമാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.