അനിശ്ചിതമായി നീളുന്ന വിചാരണ: കുറ്റം സമ്മതിപ്പിച്ച് കേസ് ജയിക്കുന്ന പുത്തന്‍ തന്ത്രവുമായി എന്‍ഐഎ

Update: 2020-10-19 07:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്ന ഏജന്‍സിയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). 'ഭീകരവാദ'മായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ച് കോടതിയില്‍ തെളിയിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങി നല്‍കുകയാണ് ജോലിയെങ്കിലും ഇക്കാര്യത്തില്‍ എന്‍ഐഎ ഒരു തികഞ്ഞ പരാജയമാണ്. പ്രതികളില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ജയിക്കുന്ന തന്ത്രമായിരുന്നു എന്‍ഐഎ മിക്കവാറും കേസുകളില്‍ പയറ്റിയിരുന്നത്. ഏറെക്കുറെ പല കേസുകളിലും അത് വിജയിക്കുകയും ചെയ്തു. എങ്കിലും അതൊക്കെ കുറേ കൂടി ബുദ്ധിമുട്ടായതിനാല്‍ മറ്റൊരു തന്ത്രം എന്‍ഐഎ കണ്ടെത്തിയിരിക്കുന്നു. പ്രതിചേര്‍ക്കപ്പെടുന്നവരെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ച് ശിക്ഷവാങ്ങി കേസ് ജയിക്കുകയാണ് പുതിയ തന്ത്രം. എന്‍ഐഎ നടത്തുന്ന കേസുകള്‍ കുറ്റം ചെയ്താലും ഇല്ലെങ്കിലും വിചാരണ തീരാന്‍ പത്തും ഇരുപതും വര്‍ഷം എടുക്കുമെന്ന് അനുഭവം കൊണ്ട് മനസ്സിലാക്കിയ പ്രതികളെ കുറ്റം സമ്മതിപ്പിച്ച് ശിക്ഷ വാങ്ങാന്‍ പ്രേരിപ്പിക്കും. ആവശ്യമെങ്കില്‍ ഭീഷണിയും മുഴക്കും. വിചാരണ എത്ര വേണമെങ്കിലും നീട്ടാന്‍ എന്‍ഐഎയ്ക്ക് കഴിയുമെന്നതുകൊണ്ട് തടവുകാര്‍ അവരുടെ ഭീഷണിയ്ക്കു വഴങ്ങി കുറ്റമേറ്റെടുക്കും. 20 വര്‍ഷം വിചാരണത്തടവുകാരനായി കഴിയുന്നതിലും നല്ലത് എട്ടോ പത്തോ വര്‍ഷം ശിക്ഷ ഏറ്റുവാങ്ങുന്നതാണെന്ന് പ്രതികളും കരുതും.

രണ്ട് മാസത്തിനുള്ളില്‍ ഇത്തരം രണ്ട് സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനു വേണ്ടി മുസ്‌ലിം യുവാക്കളെ റിക്രട്ട് ചെയ്തുവെന്ന ഒരു കേസാണ്. മറ്റൊന്ന് ബര്‍ദ്വാന്‍ സ്‌ഫോടനക്കേസും. 

ഇതില്‍ ആദ്യ കേസില്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി എന്‍ഐഎ കോടതി വിധി പറഞ്ഞത്. ഇതില്‍ 15 മുസ്ലിംകള്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ കഠിന തടവും പിഴയും വിധിച്ചു.

ഇസ്‌ലാമിക് സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തുന്നതിനായി മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാാരോപിച്ചാണ് 2015ല്‍ 15 പേരെ അറസ്റ്റ് ചെയ്തത്. സിറിയ ആസ്ഥാനമായുള്ള ഐസിസ് മാധ്യമ മേധാവി യൂസുഫ് അല്‍ ഹിന്ദിയുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ ആരോപിക്കുന്നു. ഒക്ടോബര്‍ 16 നാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.

 


16 പേര്‍ പ്രതികളായ ഈ കേസില്‍ 15 പേരും കുറ്റം സമ്മതിച്ചു. കുറ്റം സമ്മതിക്കാത്ത പതിനാറാമത്തെ പ്രതി ഇമ്രാന്‍ ഖാന്‍ വിചാരണ നേരിടുന്നു. എന്‍ഐഎയുടെ രീതികളില്‍ 16ാം പ്രതിയുടെ അഭിഭാഷകന്‍ അബുബക്കര്‍ സബ്ബാക്ക് ആശങ്കപ്രകടിപ്പിച്ചു. കുറ്റം ചെയ്തതുകൊണ്ടല്ല മറ്റ് പ്രതികള്‍ കുറ്റം സമ്മതിച്ചതെന്നും എന്‍ഐഎയുടെ സമ്മര്‍ദ്ദഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് വലിയ തെളിവൊന്നുമില്ലാത്ത കേസുകള്‍ ഈ രീതി ഉപയോഗിക്കുന്നു. 

യുഎപിഎ കേസുകളിലെ വിചാരണ എല്ലായ്‌പ്പോഴും വളരെ സാവധാനത്തിലാണ് പുരോഗമിക്കുന്നത്, പ്രതികള്‍ക്ക് ഉടന്‍ ജയിലില്‍ നിന്ന് പുറത്തുപോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. 10-15 വര്‍ഷം, ചിലപ്പോള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ തടവ് അനുഭവിച്ചതിനുശേഷം മാത്രമായിരിക്കും പലരും നിരപരാധികളെന്ന് കണ്ടെത്തുന്നത്- ഇത് എന്‍ഐഎ ഭീഷണിയുടെ ശക്തിവര്‍ധിപ്പിക്കുന്നു. തടവുകാര്‍ ഭീഷണിയില്‍ വീണുപോകുന്നതും അതുകൊണ്ടുതന്നെ. കുറ്റം സമ്മതിച്ചാല്‍ അതിലും വേഗംപോകാനാവുമെന്നാണ് അവരുടെ പ്രതീക്ഷ.

റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റം സമ്മതിച്ച 15 പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം; ഒരാള്‍ ആറ് വര്‍ഷം; ബാക്കിയുള്ളവര്‍ക്ക് അഞ്ച് വര്‍ഷം വീതം. ഇവരെല്ലാം 2015 ലാണ് അറസ്റ്റിലായത്. അതായത് 10 പേര്‍ ഇതിനകം ശിക്ഷ പൂര്‍ത്തിയാക്കി അല്ലെങ്കില്‍ ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉടന്‍ തന്നെ അവരെ മോചിപ്പിക്കും. ബാക്കി നാലുപേരുടെ ശിക്ഷാ കാലാവധി അടുത്ത ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും. ഒരാള്‍ക്ക് മാത്രമേ അഞ്ച് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരൂ.

'ഇത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമാണെന്ന് അഭിഭാഷകന്‍ അബുബക്കര്‍ സബ്ബാക്ക് പറയുന്നു. പ്രതികള്‍ക്കെതിരേ കാര്യമായ തെളിവൊന്നുമില്ല. നേരത്തെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള സമ്മര്‍ദ്ദത്തിലും അതുണ്ടാക്കുന്ന നിരാശയിലും അവര്‍ കുറ്റം സമ്മതിക്കുന്നു. തെളിവില്ലാത്ത കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ എന്‍ഐഎയും മെനക്കെടാറില്ല. കോടതിയില്‍ വിജയിക്കുക മാത്രമാണ് അവരുടെയും ലക്ഷ്യം.

2014 ലെ ബര്‍ദ്വാന്‍ സ്‌ഫോടനക്കേസും ഇതേ രീതിയിലുള്ള ഒന്നാണ്. ഇതിലും പ്രതികള്‍ കുറ്റം സമ്മതിക്കാനൊരുങ്ങുകയാണ്. ഈ കേസിലെ മൂന്ന് പ്രതികള്‍ കൊല്‍ക്കത്തയിലെ എന്‍ഐഎ കോടതിയില്‍ കഴിഞ്ഞ മാസം അപേക്ഷ നല്‍കി. ബോംബ് നിര്‍മാണം, ബംഗ്ലാദേശിലെ ജമാഅത്ത് ഉല്‍ മുജാഹിദ്ദീനുമായി ബന്ധം- ഇതൊക്കെയാണ് ഇവര്‍ക്കെതിരേയുളള ആരോപണം. ആകെ 31 പ്രതികളാണ് ഈ കേസിലുള്ളത്. ഇവരില്‍ ഇരുപത്തിനാല് പേര്‍ ഇതിനകം രണ്ട് വ്യത്യസ്ത കേസുകളില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രത്യേക എന്‍ഐഎ കോടതി അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ഇവര്‍ക്ക് തടവും വിധിച്ചു.

2008 ലെ മുംബൈ ആക്രമണത്തെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ആക്റ്റ്, 2008 പ്രകാരം അത്തരം കേസുകള്‍ അന്വേഷിക്കുന്നതിനു വേണ്ടി എന്‍ഐഎ രൂപീകരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ 'ഭീകരത'യുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും.

എന്‍ഐഎ അന്വേഷിക്കുന്ന കേസുകളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍മാരും ജഡ്ജിമാരും കോടതികളുമാണ് ഉള്ളത്. കൂടാതെ, യുഎപിഎ, എന്‍ഐഎ നിയമത്തിലെ വ്യവസ്ഥകള്‍ പ്രതികളുടെ ജാമ്യാപേക്ഷ തീരുമാനിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് വലിയ അധികാരം നല്‍കുന്നു. ഇത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നു.

Tags:    

Similar News