ന്യൂഡല്‍ഹി: ഇന്ത്യ- ഓസ്ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് കാലത്ത് പതിനൊന്നിന് നടക്കും. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പിഎം സ്‌കോട്ട് മോറിസണും നേതൃത്വം നല്‍കും. വെര്‍ച്വല്‍ സമ്മേളനമാണ് നടക്കുന്നത്. ഇന്ത്യ പങ്കെടുക്കുന്ന ഇത്തരത്തിലുള്ള ആദ്യ ഉച്ചകോടിയുമാണ് ഇത്.
''പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇതുവഴി ശക്തിപ്പെടുത്താനാവും'' കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മോറിസണ്‍ന് ഇന്ത്യയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമ്മേളനം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സൈനിക സംവിധാനങ്ങള്‍ പരസ്പരം പങ്കിടുന്നത് ഉള്‍പ്പെടെ നിരവധി കരാറുകള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ പ്രവര്‍ത്തന ചട്ടക്കൂട് എങ്ങനെയായിരിക്കണമെന്ന് ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഒപ്പം നിലവിലുള്ള കൊവിഡ് -19 പകര്‍ച്ചവ്യാധിയും വിഷയമാകും. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്നും തുടര്‍നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യും. ഒപ്പുവച്ച കരാറുകളുടെ എണ്ണമല്ല, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നാണ് ഇരുരാജ്യങ്ങളും വിശ്വസിക്കുന്നത്- ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഓ ഫാരെല്‍ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇരു നേതാക്കളും നാല് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആദ്യ കൂടിക്കാഴ്ച 2018 ലാണ്, സിംഗപ്പൂരിലെ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയുടെ ഭാഗമായി. 2019 ജൂണില്‍ ഒസാക്കയില്‍ ജി 20 സമ്മേളനത്തിലും തുടര്‍ന്ന് 2019 ആഗസ്റ്റില്‍ ബിയാരിറ്റ്സില്‍ നടന്ന ജി 7 ഉച്ചകോടിയിലും. അവസാനത്തെ കൂടിക്കാഴ്ച ബാങ്കോക്കില്‍ 2019 നവംബറില്‍ നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍.