അബുദബി: കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് എന്നും ഒന്നു തന്നെയാണെന്ന് വിദേശ കാര്യ സെക്രട്ടറി ടി എസ് തിരുമൂര്‍ത്തി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നയത്തില്‍ മാറ്റം വരുത്തില്ലെന്നും അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അബുദബിയില്‍ നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഏതെങ്കിലും രാജ്യം പങ്കെടുത്തിട്ടില്ലെങ്കില്‍ ഇന്ത്യ അതേക്കുറിച്ച് ചിന്തിക്കുന്നില്ല. ഇന്ത്യക്ക് ലഭിച്ച ക്ഷണം ഇന്ത്യ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിക്കുകയും പങ്കെടുക്കുകയും ചെയ്തു.
ഒഐസിയുമായി ഇന്ത്യ പുതിയ ബന്ധത്തിന് തുടക്കം കുറിക്കുകയാണ്. ഇന്ത്യ എന്നും ഭീകരവാദത്തിനും അക്രമങ്ങള്‍ക്കുമെതിരാണ്. സ്‌നേഹത്തിന്റെ പാതയാണ് എക്കാലവും ഇന്ത്യ മുന്നോട്ടു വെച്ചിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎഇ ബന്ധം അതിശക്തമായി മുന്നോട്ടു പോവുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി വ്യക്തമാക്കി. വാണിജ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിരവധി വന്‍കിട പദ്ധതികള്‍ക്ക് തുണയായി മാറിയിട്ടുണ്ടെന്നും അംബാസഡര്‍ വിശദീകരിച്ചു.