കോട്ടയം: സിപിഎം നേതാവായ ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കരാറുണ്ടായിരുന്നില്ലെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡിസി. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുമോയെന്ന ചര്‍ച്ച മാത്രമാണ് നടന്നതെന്നും രവി ഡിസി പോലിസിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്റെ ആത്മകഥയെന്ന വ്യാജേനെ പുറത്തുവന്ന വിവരങ്ങള്‍ക്കെതിരേ ഇ പി ജയരാജന്‍ നല്‍കിയ പരാതിയില്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് രവി ഡിസി ഇങ്ങനെ മൊഴി നല്‍കിയിരിക്കുന്നത്.
ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന പേരില്‍ 'കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകം ഡിസി ബുക്‌സ് പ്രഖ്യാപിച്ചത്. പുസ്തകം ചര്‍ച്ചയായതോടെ ഇത് തന്റെ പുസ്തകമല്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചു. എല്ലാം പിന്നീട് വെളിപ്പെടുമെന്ന് ഡിസി ബുക്‌സും അറിയിച്ചു. തുടര്‍ന്നാണ് ഇ പി ജയരാജന്‍ പോലിസില്‍ പരാതി നല്‍കിയത്.
കരാറുണ്ടെന്ന് ആദ്യം നിലപാട് എടുത്ത ഡിസി ബുക്‌സിന് പക്ഷെ, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും പോലിസിന് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. കമ്പനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും 170ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി പോലിസിനെ അറിയിച്ചു.കോട്ടയം ഡിവൈഎസ്പി കെ ജി അനീഷാണ് രവി ഡിസിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയത്. പുറത്തിറങ്ങിയ രവി, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല.