പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 55 ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നു

Update: 2020-06-23 19:17 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 55 ഉദ്യോഗസ്ഥരെ ഇന്ത്യ പിന്‍വലിക്കുന്നു. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനം കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇത്. ഇന്നലെ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. അടുത്ത ഏഴ് ദിവസത്തിനുളളിലായിരിക്കും തീരുമാനം പൂര്‍ണമായും നടപ്പാക്കുക.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യ ഏഴ് ദിവസത്തിനുള്ളില്‍ 55 ഉദ്യോഗസ്ഥരെ പിന്‍വലിക്കും. പാകിസ്താനും അത്ര തന്നെ ഉദ്യോഗസ്ഥരെ പിന്‍വലിക്കും.

ഇന്ത്യയും പാകിസ്താനും ഇടയിലുള്ള നയതന്ത്ര സൗഹൃദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടത്. അതോടൊപ്പം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ അംഗസംഖ്യ അത്ര തന്നെ കുറയ്ക്കുകയും ചെയ്തു.

ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്് സഹായം ചെയ്യുന്നുവെന്നും ചാരവൃത്തിയിലേര്‍പ്പെടുന്നുവെന്നുമാണ് രണ്ട് രാജ്യങ്ങളും പരസ്പരം ആരോപിക്കുന്നത്. പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചാരവൃത്തിയിലേര്‍പ്പെടുന്നതായി പാകിസ്താന്‍ കമ്മീഷണര്‍ സയ്യദ് ഹൈദര്‍ ഷായെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ധരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ബന്ധമാരോപിച്ച് രണ്ട് പേരെ മെയ് 31, 2020ല്‍ ഇന്ത്യ പുറത്താക്കിയതാണ് ഉദാഹരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ദിവസം രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താനും ഇതേ കാരണം ചൂണ്ടിക്കാട്ടി തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പാകിസ്താന്‍ സേന മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. 

Tags:    

Similar News