ലോകകപ്പ്; കോഹ്‌ലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയും വീഴ്ത്തി കുതിക്കുന്നു
ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ 53 റണ്‍സെടുത്തു.
ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ അനായാസം ബാറ്റുചെയ്തു. രോഹിത്തായിരുന്നു കൂടുതല്‍ ആക്രമണകാരി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് രണ്ട് റണ്‍സകലെ രോഹിത് വീണു. 40 പന്തില്‍ ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 48 റണ്‍സെടുത്ത രോഹിത്തിനെ ഹസന്‍ മഹമൂദ് പുറത്താക്കി.
രോഹിത്തിന് പകരം സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ക്രീസിലെത്തിയത്. കോഹ്‌ലിയും അനായാസം ബാറ്റിങ് തുടങ്ങിയതോടെ ഇന്ത്യ വീണ്ടും ഡ്രൈവിങ് സീറ്റിലായി. കോഹ്‌ലിയെ സാക്ഷിയാക്കി ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. ലോകകപ്പിലെ താരത്തിന്റെ ആദ്യ അര്‍ധശതകമാണിത്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ ഷോട്ട് കളിച്ച ഗില്‍ മെഹ്ദി ഹസന്റെ പന്തില്‍ പുറത്തായി. 55 പന്തില്‍ അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 53 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
പിന്നാലെ ക്രീസിലൊന്നിച്ച കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ കോഹ്‌ലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഈ ലോകകപ്പിലെ താരത്തിന്റെ മൂന്നാം അര്‍ധശതകം കൂടിയാണിത്. എന്നാല്‍ മറുവശത്ത് ശ്രേയസ് നിരാശപ്പെടുത്തി. 19 റണ്‍സെടുത്ത താരം അനാവശ്യ ഷോട്ട് കളിച്ച് മെഹ്ദി ഹസന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ശ്രേയസ്സിന് പകരം വന്ന രാഹുല്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ പരന്നു. രാഹുലും കോഹ്‌ലിയും തകര്‍ത്തടിക്കാന്‍ തുടങ്ങി. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്‌ലിക്ക് അത് സ്വന്തമാക്കാനുള്ള അവസരം രാഹുല്‍ ഒരുക്കി. രാഹുലിന്റെ ഈ തീരുമാനം ആരാധകരുടെ മനം കവര്‍ന്നു. ഒടുവില്‍ ആ നിമിഷം വന്നെത്തി. നസും അഹമ്മദിന്റെ മൂന്നാം പന്തില്‍ തകര്‍പ്പന്‍ സിക്സടിച്ച് കോഹ്‌ലി സെഞ്ചുറി നേടി.ഒപ്പം ഇന്ത്യ ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി. വിരാട് കോഹ്‌ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 78-ാം സെഞ്ചുറിയും ഏകദിനത്തിലെ 48-ാം സെഞ്ചുറിയുമാണിത്.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധസെഞ്ചുറികളും അവസാന ഓവറുകളിലെ മഹ്‌മുദുള്ളയുടെ ചെറുത്തുനില്‍പ്പുമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല.