ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിച്ച് ഇന്ത്യന്‍ സേന; കശ്മീരില്‍ പ്രതിഷേധം ശക്തിപ്പെടുന്നു
ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലിലും വ്യാജ ഏറ്റുമുട്ടലിലും കൊല്ലപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാതെ സംസ്‌കരിക്കുന്നതിനെതിരേ ജനരോഷം ഉയരുന്നു. 2020 കൊവിഡ് ലോക്ക് ഡൗണിനുശേഷമാണ് പുതിയ പ്രവണത ശക്തമായത്. നേരത്തെ പാകിസ്താനികളായ സായുധരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ സേന സ്വന്തം സംസ്‌കരിക്കാറുണ്ടെങ്കിലും ഇന്ത്യക്കാരാണെങ്കില്‍ അവരുടെ കുടുംബക്കാര്‍ക്ക് കൈമാറുകയാണ് പതിവ്. ഇതിനാണിപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.
ഡിസംബര്‍ 30ന് ശ്രീനഗറില്‍ പോലിസ് വെടിവച്ചുകൊന്ന 16കാരന്‍ അത്തര്‍ മുസ്താഖ് വാനിയുടെ മൃതദേഹമാണ് അവസാനം പോലിസ് ഗുഢമായി സംസ്‌കരിച്ചത്. വാനി കീഴടങ്ങാന്‍ തയ്യാറാകാതെ പോലിസിനുനേരെ വെടിയുതിര്‍ത്തുവെന്നും അയാള്‍ കൊടും ഭീകരനാണെന്നും പോലിസ് ആരോപിക്കുന്നു.
അതേസമയം തന്റെ മകന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് പിതാവ് മുസ്താഖ് അഹമ്മദ് വാനി പറയുന്നത്.
1989 ലെ സംഘര്‍ഷം ആരംഭിച്ചശേഷം ആയിരങ്ങളാണ് കശ്മീരില്‍ പോലിസിന്റെ തോക്കിനിരയായത്. എന്നാല്‍ കൊല്ലപ്പെടുന്നവരുടെ ശരീരം കൈമാറാതെ രഹസ്യമായി സംസ്‌കരിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. കഴിഞ്ഞ ഏപ്രിലില്‍ സോപ്പിയാനില്‍ സൈന്യവുമായി ഏറ്റുമുട്ടി ആസിഫ് അഹമ്മദ് ദര്‍ മരിച്ചതിനുശേഷമാണ് മൃതദേഹം കൈമാറാതെ സംസ്‌ക്കരിക്കുന്ന പ്രവണത തുടങ്ങുന്നത്. ദറിന്റെ കുടുംബം സംസ്‌കരിച്ചിടത്തുനിന്നും മകന്റെ മൃതദേഹം കുഴിച്ചെടുത്ത് ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലിസ് തയ്യാറായില്ല. ആദ്യം കൊവിഡ് വ്യാപനമാണ് കാരണമായി പറഞ്ഞതെങ്കിലും മൃതദേഹം കൈമാറേണ്ടെന്നത് നയമായി സ്വീകരിച്ചതാണെന്ന് പിന്നീട് വ്യക്തമായി.
കശ്മീരിലെ സോനമാര്‍ഗില്‍ മലമ്പ്രദേശത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തയ്യാറാക്കിയ പ്രദേശം നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ഇവിടെ ആദ്യമായി ഒരു മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കരിക്കുന്നയിടങ്ങളില്‍ ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാനുളള അടയാളങ്ങള്‍ അവശേഷിപ്പിക്കാറില്ല.