ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും: വിദഗ്ധ സമിതിയില്‍ ദലിതരും ന്യൂനപക്ഷങ്ങളുമില്ല
സവര്‍ണ്ണ അനുകൂലികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള വിദഗ്ധ സമിതി രൂപീകരണം ഇന്ത്യാ ചരിത്രത്തില്‍ നിന്നും ദ്രാവിഡരെ പുറംതള്ളാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് വിലയിരുന്നപ്പെടുന്നത്.
ന്യൂഡല്‍ഹി: 12,000 വര്‍ഷത്തെ ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധസമിതിയില്‍ നിന്നും ദലിതരും ന്യൂനപക്ഷങ്ങളും പുറത്ത്. ആര്‍ക്കിയോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന സാംസ്‌കാരിക മന്ത്രാലയം ബുധനാഴ്ചയാണ് ഇന്ത്യയുടെ പുരാതന ചരിത്രത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധസമിതി രൂപീകരിച്ചതായി അറിയിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കുകയാണ് ലക്ഷ്യമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. സംഘ്പരിവാര്‍ പക്ഷപാതികളും ഉത്തരേന്ത്യക്കാരുമായ ചരിത്രകാരന്‍മാരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആരും സമിതിയിലില്ല.
കെഎന്‍ ദീക്ഷിത്, ആര്‍എസ് ബിഷ്ത്, ബി ആര്‍ മണി, സന്തോഷ് ശുക്ല, ആര്‍കെ പാണ്ഡെ, മക്കാന്‍ ലാല്‍, ജിഎന്‍ ശ്രീവാസ്തവ, മുകുന്ദം ശര്‍മ്മ, പിഎന്‍ ശാസ്ത്രി, ആര്‍സി ശര്‍മ്മ, കെ കെ മിശ്ര, ബല്‍റാം ശുക്ല, ആസാദ് കൌശിക്, എംആര്‍ ശര്‍മ്മ എന്നിവരാണ് സമിതിയിലുള്ളത്. വിദഗ്ധ സമിതിയുടെ കണ്ടെത്തലും റിപോര്‍ട്ടും അനുസരിച്ചാകും സ്‌കൂള്‍ പഠപുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ള ചരിത്ര ഗ്രന്ഥങ്ങള്‍ നിര്‍മിക്കപ്പെടുക. സവര്‍ണ്ണ അനുകൂലികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള വിദഗ്ധ സമിതി രൂപീകരണം ഇന്ത്യാ ചരിത്രത്തില്‍ നിന്നും ദ്രാവിഡരെ പുറംതള്ളാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് വിലയിരുന്നപ്പെടുന്നത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇതിനെതിരേ രംഗത്തുവന്നു. ദാവിഡരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ ചരിത്രം പൂര്‍ണമാകില്ലെന്നും സമിതിയില്‍നിന്ന് ദക്ഷിണേന്ത്യക്കാരെ തഴഞ്ഞത് ദ്രാവിഡരെ അപമാനിക്കുന്നതിനു തുല്യമാണെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഈ സമിതിയെ അംഗീകരിക്കാനാകില്ലെന്നും, സമിതിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രം ഉത്തരേന്ത്യന്‍ ചരിത്രമാണെന്ന് ഉറപ്പാക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ആര്യന്‍ കമ്മിറ്റിയാണിതെന്നും കുമാരസ്വാമി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പിലും ട്വിറ്ററിലുമാണ് കുമാരസ്വാമി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
കേന്ദ്രത്തിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്ത് നിരവധി കന്നഡ, തമിഴ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സമിതിയില്‍ പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടുതന്നെ പഠനസംഘത്തിന്റെ കണ്ടെത്തലുകള്‍ തെക്കന്‍ ജനത തള്ളിക്കളയണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. ദക്ഷിണ, കിഴക്കന്‍ സംസ്ഥാനങ്ങളെ അപമാനിക്കുന്ന സമിതിയാണ് ഇതെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാണികം ടാഗോറിന്റെ വിമര്‍ശനം. ''അവര്‍ ആര്‍എസ്എസ് തയ്യാറാക്കുന്ന ഒരു ചരിത്രം പഠിക്കുകയാണെന്ന് തോന്നുന്നു. തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലാതെ നമുക്ക് എങ്ങനെ ഇന്ത്യയുടെ പുരാതന ചരിത്രം പഠിക്കാന്‍ കഴിയും? ഇവ രണ്ടും വളരെ പഴയ പ്രദേശങ്ങളാണ്. നമ്മുടെ പുരാതന സംസ്‌കാരം പഠിക്കുന്നതിന്റെ പേരില്‍ ഇന്ത്യയെ കൂടുതല്‍ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.