ഇസ്‌ലാം സമാധാനത്തിന്റെ മതം:സുഷമ സ്വരാജ്

Update: 2019-03-02 03:00 GMT

അബുദബി: രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒഐസി) സമ്മേളനത്തിന് അബുദബിയില്‍ തുടക്കമായി. ഇസ്‌ലാം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മതമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അല്ലാഹുവിന്റെ 99 പേരുകളും സമാധാനത്തിന്റേതാണ്. ആരെയും മതം അടിച്ചേല്‍പ്പിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചതെന്നും പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ വിവിധ ഗോത്രങ്ങളും രാജ്യക്കാരുമാക്കി മാറ്റിയെന്നുമാണ് ഖുര്‍ആന്‍ പറയുന്നതെന്നും അവര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഇസ്‌ലാമിക രാജ്യങ്ങളുടെ 48ാമത് വാര്‍ഷിക സമ്മേളനത്തില്‍ അതിഥി രാജ്യമായി ക്ഷണം ലഭിച്ച ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അതിഥി രാജ്യമായി ക്ഷണിച്ചതില്‍ ഇന്ത്യക്ക് നന്ദിയും കടപ്പാടുമുണ്ട്. നിരവധി മതങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തരമൊരു സമ്മേളനത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു.

2019 ഒഐസി ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ യുഎഇ ഇതേ വര്‍ഷം സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്നു. എന്നാല്‍, ഇതേവര്‍ഷം തന്നെയാണ് ഇന്ത്യ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 130 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഞാന്‍ ഇവിടെ എത്തിയിട്ടുള്ളത്. 130 കോടിയില്‍ 185 ദശലക്ഷം മുസ്‌ലിംകളാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയെന്നും സമാധാനം കാംക്ഷിക്കുന്ന രാജ്യമാണ്. ഭാരത സംസ്‌കാരവും പാരമ്പര്യവും എന്നും സമാധാനത്തിന്റേതാണ്. വ്യത്യസ്ത അഭിരുചികളുള്ള, വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്നവരാണ് അവര്‍ വ്യക്തമാക്കി.


Similar News