ശതാബ്ദിക്ക് പകരക്കാരന്‍ വന്ദേഭാരത് എക്‌സ്പ്രസ്; വേഗം മണിക്കൂറില്‍ 160 കി.മി
ന്യൂഡല്‍ഹി: പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിനില്ലാത്ത സെമി-ഹൈസ്പീഡ് ട്രെയിന്‍ 'ട്രെയിന്‍18' സര്‍വീസ് നടത്തുക വന്ദേഭാരത് എന്ന പേരില്‍. മണിക്കൂറില്‍ 160 കിമി വേഗതയില്‍ കുതിക്കുന്ന ട്രെയിന്‍ ഡല്‍ഹി-വരാണസി സര്‍വീസാണ് നടത്തുക. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിനില്‍ പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാവും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടുക.