ദമ്മാം: ബാബാരി മസ്ജിദ് തകര്‍ത്തവര്‍ക്ക് സത്യത്തിനും നീതിക്കും വിലകല്‍പ്പിക്കാതെ അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഭരണകൂടനീതിന്യായ സംവിധാനത്തിന്റെ നടപടി അത്യന്തം വഞ്ചനാപരമായിപ്പോയെന്നും ഇന്ത്യാ ചരിത്രത്തില്‍ അത് മറക്കാനാകാത്ത ഏടായി നിലനിക്കുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
ദമ്മാം ഹോളിഡേയ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് ഉദ്ഘാടനം ചെയ്തു. മസ്ജിദ് തകര്‍ക്കപ്പെട്ട് 29 വര്‍ഷമായെങ്കിലും ബാബരിയെ മറവിക്ക് വിട്ടു കൊടുക്കില്ലെന്നും ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുകയാണ് ഭരണകൂടം ചെയ്യേണ്ട ധാര്‍മ്മികമായ പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മഹാരാജ്യത്ത് ഒരു ബാബരി മസ്ജിദില്‍ തീരുന്നതല്ല ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പള്ളി തകര്‍ക്കല്‍ പരിപാടി. മഥുരയിലെ ഷാഹി മസ്ജിദിനു നേരെയുള്ള കയ്യേറ്റ ശ്രമം അവരുടെ തുടര്‍ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സമാധാനാന്തരീക്ഷം നഷ്ടപ്പടുത്തി കലാപങ്ങള്‍ക്ക് കോപ്പു കൂട്ടുകയും മസ്ജിദുകള്‍ തകര്‍ക്കുകയും പിടിച്ചടക്കുകയും ചെയ്യാനുള്ള ഫാഷിസ്റ്റ് കക്ഷികളുടെ കുടില തന്ത്രങ്ങള്‍ വകവെച്ചു കൊടുക്കരുത്. ജനകീയമായി സംഘടിച്ച് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അവയെ പ്രതിരോധിക്കാന്‍ പൊതുസമൂഹം ഒന്നിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
പരിപാടിയില്‍ ദമ്മാം മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ വെഞ്ഞാറമൂട് മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് സ്വാതന്ത്ര്യ സമര പോരാളികളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഉദ്ദേശത്തോടെ ഇംഗ്‌ളീഷുകാര്‍ നടപ്പിലാക്കിയ കളികളിലെ പാവകള്‍ മാത്രമാണ് സംഘപരിവാരം.
ബ്രിട്ടീഷ് വിരുദ്ധരും ദേശസ്‌നേഹികളുമായ ഹിന്ദു മുസ്ലിം സഹോദരങ്ങളെ തമ്മിലടിപ്പിക്കാന്‍ സാമ്രാജ്യത്വ ഭരണകൂടം കണ്ടു പിടിച്ചതാണ് ചരിത്രത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു കലാപമുണ്ടാക്കുകയെന്നത്. ബാബരി ബാബരി മസ്ജിദിന്മേല്‍ സംഘപരിവാരത്തിന് അവകാശവാദമുന്നയിക്കാനും തര്‍ക്കം സംബന്ധിച്ച വ്യവഹാരത്തിനും അക്കാലത്ത് നിലവില്‍ വന്ന പുരാവസ്തു വകുപ്പിന്റെ പച്ചക്കള്ളം നിറഞ്ഞ റിപ്പോര്‍ട്ടാണ് ബലമേകിയതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുസ്സലാം വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി, മന്‍സൂര്‍ ആലംകോട് സംസാരിച്ചു.