കൊവിഡ് 19: രോഗവ്യാപനം ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Update: 2020-06-22 10:41 GMT

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് ആനുപാതികമായി ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തെളിവായി ഹാജരാക്കിയിട്ടുള്ളത്.

ആഗോളതലത്തില്‍ ഓരോ ലക്ഷത്തിലും രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ താരതമ്യേന കുറവാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗമുക്തരും കൊവിഡ് രോഗികളും തമ്മിലുള്ള വ്യത്യാസം കൂടിവരുന്നതാണ് മറ്റൊരു തെളിവ്.

ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 30.04 പേര്‍ക്കാണ് കൊവഡ് ബാധയുള്ളത്. ആഗോള ശരാശരി ഇത് 114.67 ശതമാനം വരും- ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ ഈ അളവ് 671.24 ആണ്. ജര്‍മ്മനിയില്‍ 583.88ഉം സ്‌പെയിനില്‍ 526.22ഉം ബ്രസീലില്‍ ഇത് 489.42ഉമാണ്.

ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ കാര്യക്ഷമതയുടെ തെളിവാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

ഇന്ത്യയില്‍ 425,282 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 14,821 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു, 445 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 13,699 പേരാണ് മരിച്ചിട്ടുളളത്.

രാജ്യത്ത് നിലവില്‍ 174,384 രോഗികളാണ് ഉള്ളത്. ഇതുവരെ 237,195 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനുള്ളില്‍ 9,440 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്തെ രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട്. നേരത്തെ 55.48ശതമാനമായിരുന്നത് ഇപ്പോള്‍ 55.77 ശതമാനമായി. 

Similar News