ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിന് ഡ്രോണ്‍ ക്യാമറകളുമായി ആദിവാസികള്‍
വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫെഡറേഷനും (ഡബ്ല്യുഡബ്ല്യുഎഫ്) കനിന്ദെ എത്നോ-എന്‍വയോണ്‍മെന്റല്‍ ഡിഫന്‍സ് അസോസിയേഷനും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.
ആമസോണ്‍: ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിന് ആദിവാസികള്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചു തുടങ്ങി. ബ്രസീലിയന്‍ ആമസോണ്‍ മഴക്കാടുകളിലെ ഉറുയുവോ-വമൗ ഗോത്രത്തിലെ അംഗങ്ങളാണ് വനം നിരീക്ഷണത്തിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്രദമാക്കിയത്. 300-ല്‍ താഴെ ആളുകളുള്ള ഒരു ഗോത്രമാണ് ഉറുയുവോ-വമൗ. ഇവരെ പിന്‍തുടര്‍ന്ന് മറ്റ് ഗോത്രങ്ങളും തങ്ങളുടെ പ്രദേശത്തെ അനധികൃത വനനശീകരണം കണ്ടെത്തുന്നതിനും പോരാടുന്നതിനും ആധുനിക ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
''പ്രകൃതി ഞങ്ങള്‍ക്ക് എല്ലാം തന്നെയാണ്, ഞങ്ങളുടെ ജീവിതം, ശ്വാസകോശം, ഹൃദയം എല്ലാമാണ് പ്രകൃതി. വനം വെട്ടിമാറ്റുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ എല്ലാം വെട്ടിമാറ്റുകയാണെങ്കില്‍ ഒരു നദിയോ വേട്ടയാടലോ ഒന്നും അവശേഷിക്കില്ല . ഞങ്ങള്‍ക്ക് ശുദ്ധവായുവും ലഭിക്കില്ല' ഉറുയുവോ-വമൗ ഗോത്രത്തിലെ അംഗമായ അവാപി പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ അവാപിയും സമുദായത്തിലെ മറ്റ് ആറ് യുവാക്കളും വനനശീകരണം കണ്ടെത്തുന്നതിന് ഡ്രോണ്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചിരുന്നു. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫെഡറേഷനും (ഡബ്ല്യുഡബ്ല്യുഎഫ്) കനിന്ദെ എത്നോ-എന്‍വയോണ്‍മെന്റല്‍ ഡിഫന്‍സ് അസോസിയേഷനും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.
പുതിയ സംവിധാനം വഴി മുകളില്‍ നിന്ന് വനം കാണാമെന്നും മുമ്പത്തേക്കാളും വലിയ പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്താന്‍ കഴിയുന്നുണ്ടെന്നും ആദിവാസികള്‍ പറയുന്നു. 7,000 ചതുരശ്ര മൈല്‍ വിസ്താരമുള്ള ഇടതൂര്‍ന്ന കാടിനുള്ളിലാണ് ഉറുയുവോ-വമൗ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇത് കാല്‍നടയായി സഞ്ചരിക്കാനും നിരീക്ഷിക്കാനും പ്രയാസമാണ്. കൂടുതല്‍ പ്രദേശം വേഗത്തില്‍ നിരീക്ഷിക്കാനും വനം കൊള്ളക്കാര്‍, ഖനനം നടത്തുന്നവര്‍, ഭൂമി കൈയേറ്റക്കാര്‍ എന്നിവരെ ഏറ്റുമുട്ടലുകളില്ലാതെ കണ്ടെത്തുന്നതിനും ഡ്രോണുകള്‍ ഏറെ സഹായിക്കുന്നുണ്ട്. ഡ്രോണ്‍ നിരീക്ഷണത്തിന്റെ ആദ്യ മാസത്തിനുള്ളില്‍ തന്നെ നശിപ്പിക്കപ്പെട്ട 494 ഏക്കറോളം വനപ്രദേശം ആദിവാസികള്‍ കണ്ടെത്തിയിരുന്നു. 19 ഡ്രോണുകളാണ് ആമസോണ്‍ വനങ്ങള്‍ക്കു മുകളില്‍ നീരീക്ഷണ ദൗത്യവുമായി പറക്കുന്നത്.