രാജസ്ഥാനിലെ നവജാത ശിശു മരണം: ബിജെപിയുടെ അവസാന വര്‍ഷത്തില്‍ മാത്രം കോട്ട ആശുപത്രിയില്‍ മരിച്ചത് 1005 ശിശുക്കള്‍
നിലവിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെങ്കിലും കഴിഞ്ഞ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട്
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ഒരു ആശുപത്രിയില്‍ മാത്രം ഒരു മാസത്തിനുള്ളില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം രാജസ്ഥന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നവജാത ശിശുക്കളുടെ മരണം രാഷ്ട്രത്തെ ഞെട്ടിക്കുന്നതാണെന്നും അതിന്റെ കാരണം കണ്ടുപിടിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിലാണ് നവജാത ശിശുക്കള്‍ കൊല്ലപ്പെട്ടത്.
2018 ഡിസംബറിലാണ് അശോക് ഗെഹലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നിലവിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെങ്കിലും കഴിഞ്ഞ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്ത് മരണത്തിന്റെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരുന്നു. ഈ വര്‍ഷം എണ്ണം കുറഞ്ഞിരിക്കയാണ്. 2018 ല്‍ ബിജെപി ഭരിക്കുന്ന സമയത്ത് മരണം 1260 ആയിരുന്നെങ്കില്‍ 2016 ല്‍ 1193 ഉം 2018 ല്‍ 1005 ഉം ആയിരുന്നു. ഈ വര്‍ഷം 963 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
മരണം നടന്ന സാഹചര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറിയും സീനിയര്‍ ഡോക്ടര്‍മാരുമടങ്ങുന്ന സംഘം കോട്ടയിലെ ജെകെ ആശുപത്രി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അവരില്‍ പല കുട്ടികളെയും അപകടകരമായ അവസ്ഥയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത തണുപ്പ് കുട്ടികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഭീഷണിയാണ്. ആശുപത്രിയിലെ ഇന്‍കുബേറ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.