ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ പരിശോധന; 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്; 4,67,500 രൂപ പിഴ
തൃശൂർ: ക്രിസ്മസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖലയിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 4,67,500 രൂപ പിഴ ഈടാക്കി. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.
ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും, മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടി.
നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിയായി 2022 ഡിസംബര്‍ 19-ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയതെന്ന് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ സി ജീസണ്‍ അറിയിച്ചു. ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ബി ഐ സൈലാസ്, കെ ഡി നിഷാദ്, എസ് വി മനോജ് കുമാര്‍, കെ സുജാ ജോസഫ്, സേവ്യര്‍ പി ഇഗ്‌നേഷ്യസ്, അനൂപ് വി ഉമേഷ്, എ സി ശശികല, വിനോദ് കുമാര്‍, എസ് ഷെയിക് ഷിബു, സി ഷാമോന്‍ എന്നിവർ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.