മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തും: മന്ത്രി വി അബ്ദുറഹിമാന്‍

Update: 2025-02-01 11:05 GMT
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയര്‍ത്തും: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വഖ്ഫ് ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാന്‍ പറഞ്ഞു. തിരൂര്‍ സംഗമം റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നല്‍കുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് 84 ഗഡുക്കളായി തിരിച്ചടയ്ക്കാം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സഹകരണത്തോടെ മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത സ്വയംതൊഴില്‍ വായ്പയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ക്ഷേമനിധി ചെയര്‍മാന്‍ കാരാട്ട് റസാഖ് ആമുഖ പ്രഭാഷണം നടത്തി. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി. ടി. നസീമ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, ഡോ. സയ്യിദ് മുത്തു കോയ തങ്ങള്‍, മുജീബ് മദനി ഒട്ടുമ്മല്‍, കെ പി എച്ച് തങ്ങള്‍, ഡോ.ജലീല്‍ മലപ്പുറം, ഉമര്‍ ഫൈസി മുക്കം ,ഹാരിസ് ബാഫഖി തങ്ങള്‍, ഹാജി പി കെ മുഹമ്മദ്, ക്ഷേമനിധി ചീഫ് എക്‌സി. ഓഫീസര്‍ പി എം ഹമീദ്, അബ്ദുറഹിമാന്‍ മുഈനി, കമറുദ്ദീന്‍ മൗലവി, സിദ്ധീഖ്' മൗലവി അയിലക്കാട്, ഒ പി ഐ കോയ, പിസി സഫിയ ടീച്ചര്‍, മുസ്തഫ തങ്ങള്‍, ഇ യാക്കൂബ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

ആലത്തിയൂര്‍ മൈനോറിറ്റി കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ മുനീറ, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ 180 പേര്‍ക്ക് വിവാഹ സഹായം വിതരണം ചെയ്തു. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ആദരിച്ചു.

Tags:    

Similar News